ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday, 2 November 2010

മുസ്ലിംലീഗ് - അനിവാര്യതയുടെ രസതന്ത്രം
ഏറെക്കുറെ നൂറു ശതമാനവും മതവിശ്വാസികളായ ഒരു പൊതുസമൂഹത്തില്‍ രാഷ്ട്രനിര്‍മ്മാണത്തിനിറങ്ങുന്ന ഏതൊരു രാഷ്ട്രീയ കൂട്ടായ്മയും അവരുടെ പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങള്‍ക്കപ്പുറം സമരസപ്പെട്ടു പോകേണ്ട ചില യാഥാര്‍ത്ഥ്യംങ്ങള്‍ ഉണ്ട്. അത് തങ്ങളുടെ നിലപാടുകളുടെ പിന്നോട്ട് പോക്കായിട്ടു വ്യാഖ്യാനിച്ചു കുണ്ഠിതപ്പെടേണ്ടതില്ല. കാരണം നിലപാടുകള്‍ രൂപപ്പെടേണ്ടത് പ്രയോഗിക്കപ്പെടാന്‍ പോകുന്ന പ്ലാറ്റ്ഫോമിന്റെ രീതിശാസ്ത്രത്തിനനുസരിച്ചാണ്. ഒരു മതവിശ്വാസി-ഭൂരിപക്ഷ  സമൂഹത്തില്‍ ഇടപെടുമ്പോള്‍, വിശിഷ്യാ കേരളം പോലെ ധൈഷണികമായി മുന്നിട്ടു നില്‍ക്കുന്ന ഒരു പൊതുമണ്ഡലത്തില്‍  ആളുകള്‍ വിശ്വാസികളാകുന്നത് ആരുടെയെങ്കിലും നിര്‍ബന്ധത്തിനു വഴങ്ങിയോ യുക്തിഭദ്രമല്ലാത്ത നിഗമനങ്ങളിലെത്തിയോ അല്ല. മറിച്ച്, ആത്മനിഷ്ഠമായ പഠനങ്ങളുടെ ഒരു നൈരന്തര്യം ഏതൊരു ഇസത്തിലെത്തിപ്പെടാനുള്ളത് പോലെത്തന്നെ വിശ്വാസത്തിലെത്തിപ്പെടാനും ആളുകളില്‍ സംഭവിക്കുന്നുണ്ട്. അതിനാല്‍ ഏതളവില്‍ നോക്കിയാലും മതവും രാഷ്ട്രീയവും ഒരു വ്യക്തിയുടെ മുന്നില്‍ രണ്ടു വ്യത്യസ്ത നിലപാടുകള്‍ പുലര്‍ത്തുമ്പോള്‍ മതത്തോടു കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാനാണ് കേരളസമൂഹം സാധാരണ നിലയില്‍ ശ്രമിക്കാറുള്ളത്. അതൊരു അപരാധമായിട്ടോ അപകടമായിട്ടോ കാണുന്നത് അല്പത്തമോ യാഥാര്‍തഥ്യത്തോടുള്ള മുഖം തിരിക്കലോ ആണ്. 
  
കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയത്തില്‍ ക്രിയാത്മകവും വ്യതിരക്തവുമായ ഒരിടം മുസ്ലിം സാമുദായിക രാഷ്ട്രീയം സംസ്ഥാന പിറവി തൊട്ടേ കണ്ടെത്തിയിട്ടുണ്ട്. അത്തരമൊരു മുസ്ലിം സ്വത്വരാഷ്ട്രീയത്തിന് സ്പേസ് കണ്ടെത്തിയതിന് ക്രാന്തദര്‍ശികളും സാത്വികരുമായിരുന്ന മുന്‍കാല മുസ്ലിം നേതാക്കളുടെ ഔന്നിത്യത്തിനു തെളിവായി വേണം കാണാന്‍ .  കാരണം സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ അവസാന കാലത്ത് ദിശ തെറ്റി പേരുദോഷമുണ്ടാക്കിയ ഒരു സംവിധാനത്തെ അതിന്റെ ഉത്ഭവത്തിനും ആദ്യകാല പ്രവര്‍ത്തനവിജയത്തിനും ഹേതുവായ 'അഭിമാനകരമായ അസ്ഥിത്വം' എന്ന അങ്ങേയറ്റം പ്രസക്തമായ ആശയത്തെ ഒരു മുദ്രാവാക്യമായി മുന്നില്‍ വെച്ച് നൂതനവും വ്യതിരക്തവുമായ ഒരു രീതിയിലേക്ക് രൂപപ്പെടുത്തിയെടുക്കാന്‍ മുഹമ്മദ്‌ ഇസ്മയില്‍ സാഹിബിനെപ്പോലുള്ള ദീര്‍ഘ വീക്ഷണമുള്ള ഒരു രാഷ്ട്രീയക്കാരന്‍ കാണിച്ച ധൈര്യം എത്രത്തോളം വലുതാണെന്ന് കാണാന്‍ ഒരു ചെറിയ താരതമ്യം നടത്തിയാല്‍ മാത്രം മതി. വിഭജനത്തിനുത്തരവാദിയായി മുദ്ര കുത്തപ്പെട്ട ഒരു രാഷ്ട്രീയ പരീക്ഷണത്തെ സ്വാതന്ത്ര്യലബ്ധിയോടെ ഉത്തരേന്ത്യ മുഴുവന്‍ പിരിച്ചു വിട്ടു. അതൊരു അനിവാര്യവും സ്വാഭാവികവും ആയ പരിണാമമായിരുന്നു. എന്നാല്‍ ആ രാഷ്ട്രീയ പരീക്ഷണം നേര്‍ദിശയിലേക്കു പരിവര്‍ത്തിപ്പിച്ചു ഒരു പുതിയ മുഖത്തോടെയും ശക്തമായ ഒരു മുദ്രാവാക്യത്തോടെയും അവതരിപ്പിച്ചപ്പോള്‍ കേരളം മാത്രമേ ഏറ്റെടുക്കാനുണ്ടായുള്ളൂ. പക്ഷെ ആ ഏറ്റെടുക്കലിന് കേരള മുസ്ലിം ജനസാമാന്യം കാണിച്ച ധൈര്യത്തിന്റെ ഫലക്കൊയ്ത്താണ് കേരളീയ പൊതുമണ്ഡലം ഇന്നനുഭവിക്കുന്ന സാമുദായിക സ്വാസ്ഥ്യത്തിന്റെ കാതല്‍ . ഈ വാദം ഒരതിശയോക്തിയായി തോന്നുന്നവരുണ്ടാകാം. എന്നാല്‍ അല്‍പജ്ഞാനികളായ, മതാധ്യാപനത്തിന്റെ ആത്മാവനുഭവിച്ചറിയാത്ത ഒരു പറ്റം പുരോഹിത വര്‍ഗത്താല്‍ നയിക്കപ്പെടുന്ന ഒരു മതസമൂഹം അതിസ്ഫോടന സ്വഭാവമുള്ള  ഒരു രാസവസ്തു പോലെ മാരകമാണ്. അതിന്‍റെ അനുരണനങ്ങളാണ് തൊണ്ണൂറുകളില്‍ അബ്ദുന്നാസര്‍ മഅദനിയുടെ ഇസ്ലാമിക്‌ സേവക് സംഘത്തിന്‍റെ (ഐ.എസ്. എസ്) ആവിര്‍ഭാവത്തോടെ കണ്ടത്. അതിനു മുമ്പ് സിമിയുടെ പ്രവര്‍ത്തനങ്ങളും ഇതേ വഴിക്കായിരുന്നു.  'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന ചിന്താഹീനമായ ഏതാനും  തലകളില്‍ നിന്നുദിച്ച ഒരു അപകടകരമായ മുദ്രാവാക്യമാണ് കേരളത്തില്‍ ആര്‍ . എസ് . എസ്സിന് സവര്‍ണ്ണ ഫാസിസത്തിന്റെ ശൂലം വരക്കാന്‍ ചുവരുണ്ടാക്കികൊടുത്തത്. കേരളത്തിന്റെ ഇത് വരെയുള്ള ചരിത്രവഴികളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ജമാഅത്തെ ഇസ്ലാമിയുടെ കൈപൊള്ളിച്ചു പിടിയില്‍ നിന്നും വഴുതിപ്പോയ വിദ്യാര്‍ഥി രാഷ്ട്രീയോല്പന്നമായ സിമിയുടെ ആദ്യകാലത്തെ നേതാക്കളും പ്രവര്‍ത്തകരുമടങ്ങുന്ന ഒരു തലമുറയെ നിങ്ങള്‍ ഒന്നുകൂടെ അന്വേഷിച്ചു ചെന്ന് നോക്കുക; അവര്‍ക്കെന്തു പറ്റിയെന്നും കേരള മുസ്ലിം പൊതു ധാരയില്‍ അവര്‍ എവിടെ അവരുടെ സാന്നിധ്യം അറിയിക്കുന്നുവെന്നും ഒരു അന്വേഷണം നടത്തി നോക്കുക; അത്ഭുതകരമായ ഒരു സത്യം നിങ്ങള്‍ക്ക് ബോധ്യപ്പെടും. ഇവരൊക്കെയും തന്നെയാണ് സിമിക്ക് ശേഷം വന്ന തീവ്ര സ്വഭാവമുള്ള എല്ലാ മുസ്ലിം സംഘടിത പരീക്ഷണങ്ങളുടെയും തിരശീലക്കു പിന്നില്‍ ചരട് വലിക്കുന്നത്.  സമകാലികമായി കേരളത്തിലെ സെകുലര്‍ മനസ്സിനെ ഏറെ മുറിവേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന പോപ്പുലര്‍ ഫ്രെണ്ടിന്റെ ധൈഷണിക മണ്ഡലത്തിലും പ്രസിദ്ധീകരണങ്ങളിലും നിങ്ങള്‍ക്ക് ഇവരുടെ സാന്നിധ്യം കാണാം. പറഞ്ഞു വന്നത്, എന്നും പൊതുധാരയില്‍ നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ഒരു തീവ്ര ചേരി കേരള മുസ്ലിം വഴികളിലുണ്ട്. ഇവര്‍ ഒരു ന്യൂനപക്ഷമാണെന്ന് കരുതി സമാധാനിക്കാന്‍ ശ്രമിക്കുന്നവര്‍ ഇവരുടെ സര്‍ഗാത്മകമായ ഇടപെടലുകള്‍ക്കുള്ള കഴിവുകളെക്കുറിച്ച് അജ്ഞരോ അജ്ഞത നടിക്കുന്നവരോ ആണ്. ഒരു ജനാവലിയെ മുഴുവന്‍ ഭ്രമിപ്പിക്കുന്ന തരത്തില്‍ എഴുതാനും സംസാരിക്കാനും കഴിവുള്ള ചില കരിസ്മാറ്റിക് പടപ്പുകള്‍ ഇവരിലുണ്ട്. ഇത്തരത്തിലൊരു സംഭ്രമജനകമായ തലത്തില്‍ നിന്നാണ് കഴിഞ്ഞ അമ്പതു വര്‍ഷമായി കേരളത്തിലെ സംഘടിത മുസ്ലിം രാഷ്ട്രീയം ഈ മണ്ണിനെ മതനിരപേക്ഷമായി നില നിര്‍ത്തുന്നതില്‍ എത്രത്തോളം ക്രിയാത്മകമായി സഹായിച്ചിട്ടുണ്ട് എന്ന കാര്യം അന്വേഷിച്ചു നോക്കേണ്ടത്. ഡോ. എം ഗംഗാധരനെപ്പോലുള്ളവര്‍ ഈ വിഷയത്തില്‍ സത്യസന്ധമായ ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന കാര്യം സ്മരണീയമാണ്. 

ഒരു മതേതര രാജ്യത്ത് സാമുദായിക രാഷ്ട്രീയം അഭിലഷണീയമാണോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഇത്തരം ഐക്യപ്പെടലുകള്‍ മുഖ്യധാരാ മതേതര പാര്‍ട്ടികള്‍ക്ക് ക്ഷീണമുണ്ടാക്കുകയും സവര്‍ണ്ണ ഫാഷിസ്റ്റ്‌ ശക്തികള്‍ക്കു ഫലത്തില്‍ അനുകൂലമാവുകയും ചെയ്യുമെന്നുള്ള ഒരു നിരീക്ഷണം നിലവിലുണ്ട്. ഒരു പരിധി വരെ ഈയൊരു വാദം ശരിയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്കതും കുറച്ചു കാലത്തേക്ക്   ബി ജെ പി യുടെ കയ്യിലേക്ക് വന്നതില്‍ ഒരു കാരണം മതന്യൂനപക്ഷ വോട്ടുകള്‍  മുഖ്യ മതേതര പാര്‍ട്ടികള്‍ക്ക് പോകാതെ സ്വന്തം നിലക്ക് ഒരുമിക്കപ്പെട്ടതായിരുന്നു. എന്നാല്‍ സാമുദായിക സ്വത്വരാഷ്ട്രീയം എങ്ങനെയാണ് ഗോദയില്‍ പ്രയോഗിക്കേണ്ടത് എന്ന് വിജയകരമായി കാട്ടിതന്നിട്ടുള്ളത് കേരളമാണ്. സ്വന്തം വോട്ടുകള്‍ സ്വന്തം പാര്‍ട്ടിയുടെ വോട്ടു പെട്ടിയില്‍ നിക്ഷേപിക്കുകയും  രാജ്യത്തെ താരതമ്യേന മൈല്‍ഡ് ആയിട്ടുള്ള മതേതര പാര്‍ട്ടിയുമായി മുന്നണിയുണ്ടാക്കി അധികാരത്തിന്റെ ഇടനാഴിയിലേക്ക്‌ നടന്നു കയറുകയും ചെയ്യുന്ന ബുദ്ധിപൂര്‍വ്വമായ ഒരു രീതി. ഈയൊരു വഴിയാണ് ഇന്ത്യ പോലുള്ള വൈവിധ്യങ്ങളുടെ പറുദീസയായ ഒരു മതേതര രാജ്യത്തിന് നില നില്‍ക്കാന്‍ ഏറ്റവും നല്ലതെന്ന് കാണാം. കാരണം ഇന്ത്യയിലെ ഏറ്റവും മതേതരമായ വലിയ പാര്‍ട്ടിയായ കോണ്ഗ്രസ് അതിന്‍റെ സ്വാശ്രയമായ പ്രതാപമുണ്ടായിരുന്ന കാലത്ത് പലപ്പോഴും ഏകാധിപത്യപരവും മതേതരവചസ്സിനു മുറിവേല്‍പ്പിക്കുന്നതുമായ ചില നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധി നേടിയിട്ടുള്ള കാര്യം നമുക്കറിയാം. അടിയന്തിരാവസ്ഥയും സിഖു കൂട്ടക്കൊലയും അയോധ്യപ്രശ്നവുമായി ബന്ധപ്പെട്ട ഇടപെടലുകളും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. എന്നാല്‍ സാമുദായികവും അല്ലാത്തതുമായി സംഘടിച്ച കൊച്ചു രാഷ്ട്രീയ പാര്‍ട്ടികളുമായി മുന്നണി കൂടി ഭരിക്കേണ്ടി വന്നപ്പോള്‍ കോണ്ഗ്രസ് കൂടുതല്‍ മതേതരവും ജനാധിപത്യ പരവുമായി മാറുന്ന കാഴ്ച നാം കാണുന്നു. പഴയ ദുഷ്ചെയ്തികളിലെ വേട്ടക്കാരെയും പുതിയ കാലത്തെ അഴിമതിയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പെട്ടുപോകുന്നവരെയും അപ്പപ്പോള്‍ തന്നെ കൈകാര്യം ചെയ്യേണ്ടി വരുന്നത് ഇത് കൊണ്ടാണ്. സജ്ജന്‍ കുമാറും ശശി തരൂരും സുരേഷ് കല്‍മാഡിയും തുടങ്ങി എസ് ബി  ചവാന്‍ വരെ എത്തി നില്‍ക്കുന്ന ഈ മാറ്റം കാണാതിരുന്നു കൂടാ. 

അധികാരത്തിനുള്ള ആര്‍ത്തിയുടെ അച്ചുതണ്ടിലാണ് സാമുദായിക രാഷ്ട്രീയത്തിന്റെ താല്പര്യങ്ങള്‍ കറങ്ങിക്കൊണ്ടിരിക്കുന്നത് എന്നൊരു ആക്ഷേപം സ്ഥിരമായി കേള്‍ക്കുന്നതാണ്. ഇത് അധികാരം കയ്യാളുന്നത് ഒരു സമൂഹത്തിന്റെ മുഖ്യധാരയിലേക്കുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിനു എത്രത്തോളം പ്രധാനമാണെന്ന് നന്നായറിയാവുന്ന തല്‍പരകക്ഷികളുടെ സ്ഥിരം  തന്ത്രമാണ്. പോരാട്ടങ്ങള്‍ക്ക് മാത്രം ശാശ്വതമായി ഒരു മാറ്റവും കൊണ്ട് വരാനാവില്ല, പ്രാര്‍ത്ഥന കൊണ്ട് മാത്രം വയറു നിറയില്ല എന്നത് പോലെ തന്നെ. അധികാരം മുഖ്യമാണ്. കേരളത്തിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ എന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കില്‍ അത് അവരുടെ പ്രവാസത്തിലൂടെ അധ്വാനിച്ചു നേടിയ സാമ്പത്തിക ഭദ്രതയോടൊപ്പം തങ്ങളുടെ രാഷ്ട്രീയ സ്വത്വമുഖം മുസ്ലിം ലീഗിലൂടെ അധികാര രാഷ്ട്രീയത്തില്‍ കടത്തി വിട്ടത് കൊണ്ട് കൂടിയാണ്. 

ഇന്ത്യയിലെ ഇദംപര്യന്തമുള്ള രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ എത്ര വലിയ മതേതരമുഖവും പുരോഗമന മുദ്രാവാക്യങ്ങളുമുള്ള പാര്‍ട്ടികളും ഒറ്റയ്ക്ക് അധികാരത്തിലിരിക്കുമ്പോള്‍ ഫാഷിസ്റ്റ്‌ നിറം കാണിക്കുന്നു എന്ന് കാണാം. ഇതില്‍ ഏറ്റവും പ്രകടമായിട്ടുള്ളതാണ് കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി ന്യൂനപക്ഷ രാഷ്ട്രീയത്തിന്‍റെ രക്ഷകമിശിഹയായി പ്രച്ഛന്ന വേഷമാടിയ ഇടതുപക്ഷം. കണ്കെട്ട് വിദ്യകള്‍ കൊണ്ട് ഒരു സമൂഹത്തെ കാലാകാലവും പറ്റിക്കാനാവില്ല എന്ന് ഇപ്പോള്‍ അവര്‍ക്ക് ഏറെക്കുറെ ബോധ്യപ്പെട്ടുകാണണം. മലബാറില്‍ യാസിര്‍ അരാഫതും സദ്ദാം ഹുസൈനും പ്രചാരണ ചിത്രങ്ങളായപ്പോള്‍ തെക്കോട്ട്‌ പോകുംതോറും സ്റ്റാലിന്‍ ചിത്രങ്ങള്‍ തന്നെ തുടരുന്നത് ഈയൊരു രീതിയുടെ പ്രകടമായ ഉദാഹരണമായിരുന്നു. സദ്ദാം ഹുസൈന്‍ തൂക്കിലേറിയപ്പോള്‍ ഉത്തര മലബാറില്‍ ഓരോ ഗ്രാമത്തിലും പന്തം കത്തിച്ചു പ്രകടനം നടത്തിയവര്‍ തൃശൂരിനപ്പുറം നിശബ്ദമായതും നമ്മള്‍ കണ്ടു. സാമ്രാജ്യത്വ ഭീകരതയോടു വാചോടാപത്തിനപ്പുറം ആത്മാര്‍ഥമായി പ്രതിഷേധമുള്ളവര്‍ അത് ലോകം ശ്രദ്ധിക്കാന്‍ മലപ്പുറം കുന്നുമ്മലിനൊപ്പം കല്‍ക്കത്തയുടെ തെരുവിലൂടെയും ഒരു പ്രതിഷേധജാഥ നടത്തുകയായിരുന്നു വേണ്ടത്. എതിരാളികള്‍ ബലഹീനരാകുന്നിടത്തു മതകീയ ഐഡന്റിറ്റിയോടെ തുടരാന്‍ ആഗ്രഹിക്കുന്ന ജനസമൂഹത്തിന് ഇടതുപക്ഷം ഒട്ടും ഭൂഷണമല്ല എന്നതിന് ബംഗാള്‍ ഏറ്റവും നല്ല ഉദാഹരണമാണ്. രണ്ടായിരത്തി അഞ്ചിലെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ മുസ്ലിം രക്ഷകരായി അവതരിപ്പിക്കാന്‍ പൊതുസമ്മതിയുള്ള തങ്ങളുടെ മീഡിയകളെ   പരമാവധി ഉപയോഗപ്പെടുത്തിയ ജമാഅത്തെ ഇസ്ലാമി, വോട്ടെടുപ്പ് കഴിഞ്ഞു എണ്ണുന്നതിനു മുമ്പ് തങ്ങളുടെ വാരികയില്‍ ബംഗാളിലെ മുസ്ലിങ്ങളുടെ കദനകഥ പ്രസിദ്ധീകരിച്ചു ഇരുപക്ഷത്തിന്‍റെയും കയ്യടി നേടാന്‍ ശ്രമിച്ചത് ഇത്തരുണത്തില്‍ ഓര്‍മിക്കുന്നത്‌ നല്ലതാണ്. 

 അധികാര രാഷ്ട്രീയത്തിന്‍റെ ജീര്‍ണതകള്‍ മുഴുവനും എല്ലാ രാഷ്ട്രീയ കക്ഷികളെയും ഗ്രസിച്ചത് പോലെ മുസ്ലിം രാഷ്ട്രീയ രംഗത്തെയും പിടികൂടിയിട്ടുണ്ട്. എന്നാല്‍ അതിനെ കൂടെ നിന്ന് തിരുത്തുന്നതിനു പകരം മതില് തന്നെ പൊളിക്കാന്‍ വന്നവന്‍റെ കയ്യിലെ കോടാലിയാകാന്‍ മത്സരിച്ചവര്‍ക്ക് വൈകിയാണെങ്കിലും വിവേകമുദിച്ചതില്‍ മതസൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന മലയാള മനസ്സിന് ആശ്വസിക്കാം. ഒരു ചുവര്‍ പൊളിച്ചു നീക്കാന്‍ എളുപ്പമാണ്, അത് പൊക്കികൊണ്ടു വരാന്‍ അങ്ങേയറ്റം ആയാസകരവും. താരതമ്യേന മതേതര മനസ്സിനോട് ചേര്‍ന്ന് നില്‍ക്കുന്ന മുഖ്യധാരാ മുസ്ലിം രാഷ്ട്രീയത്തെ പാടെ ഇല്ലായ്മ ചെയ്യാന്‍ കേരളത്തിലെ ഇടതുപക്ഷം ആയുധമാക്കിയ കക്ഷികളെക്കുറിച്ച് ചരിത്രമറിയുന്ന പ്രബുദ്ധജനം പരീക്ഷണങ്ങളെ കൈകാര്യം ചെയ്തു വിട്ടിരിക്കുന്നു എന്നുള്ളതാണ് ആശ്വാസകരമായ വാര്‍ത്തകള്‍ . കേരളത്തിലെ മത ന്യൂനപക്ഷ മനസ്സിനെ ബദലില്ലാത്ത വിധം മതേതരമായി നിലനിര്‍ത്തുന്ന സാമുദായിക രാഷ്ട്രീയപച്ചപ്പിന്‍റെ ഭൂമികയുടെ ചുറ്റുമതിലുകളില്‍ ജീര്‍ണതകള്‍ തിരുത്തുന്നതിനു വേണ്ടി നിങ്ങള്‍ കല്ലെടുത്ത്‌ എറിഞ്ഞോളുക, അതില്‍ കല്ലെടുത്ത്  കോറി വരഞ്ഞേക്കുക, അതില്‍ ചായം തേച്ചു വെടിപ്പാക്കാന്‍ ശ്രമിക്കുക. പക്ഷെ മതില് തന്നെ പൊളിച്ചു കളഞ്ഞു മതഭീകരതയുടെ ദംഷ്ട്രങ്ങളുമായി നമ്മുടെ സ്വാസ്ഥ്യത്തിന് മേല്‍ മുറിവേല്‍പ്പിക്കാന്‍ അപ്പുറത്ത് കാത്തു നില്‍ക്കുന്നവരെ അകത്തേക്ക് കടത്തിവിടാന്‍ ഇടയാക്കാതിരിക്കുക.                                       


ഒരേ കടല്‍....

നീയൊരു
കടലാണ്
അസ്വസ്ഥ മേഘങ്ങള്‍
പറന്നു നടക്കുന്ന
ആകാശത്തിനു കീഴെ
കൊച്ചു കാറ്റില്‍
തിരയടിക്കുന്ന
ഒരു നീലക്കടല്‍

ഇളം നിലാവിന്‍റെ
ഘനമാരിയില്‍
ചിലപ്പോള്‍
ഇന്ദ്രനീലതുള്ളികളിലെവിടെയോ
വഴി തെറ്റിയെത്തുന്ന
പരല്‍ മീനുകളാണ്
എന്നെയിവിടെയെത്തിച്ചത്

എന്‍റെയുള്ളില്‍
കൊടുങ്കാറ്റും
പേമാരിയുമുദിക്കുന്നത്
ഈ കടലില്‍ നിന്നാണ്
വഴി പിരിഞ്ഞു പോകുന്ന
കൊതുമ്പു വള്ളങ്ങളില്‍
ഇളം കാറ്റിന്‍റെ
ലവണഗാനം തേവുന്നത്‌
കനിവുറ്റ ഈ കടലാണ്

LinkWithin

Related Posts Plugin for WordPress, Blogger...