ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday 20 February 2011

ഹൈപ്പോതെസിസ്

 ചില്ലിട്ട ജാലകത്തിലൂടെ ഇളം നിറത്തിലുള്ള വിരിയും കടന്നു മുറിക്കകത്ത് നിഗൂഡതകളെ പേറുന്ന ഒരു നീലവെളിച്ചം പടര്‍ത്തിയിരിക്കുന്നു പുറത്തു നിന്നും അരിച്ചെത്തിയ നിലാവ്.  ഒരു ചീവിട് പോലും ചിലയ്ക്കാത്ത കനത്ത നിശബ്ദതയെ ഭേദിച്ച് കട്ടിലിനടിയില്‍ ഘടിപ്പിച്ച സ്റ്റീരിയോയില്‍ നിന്നും ഹൃദയം പിടിച്ചു നിര്‍ത്തുന്ന ശബ്ദത്തില്‍ മെഹ്ദി ഹസന്‍ പാടുന്നു:                  

                                       യൂ സിന്ദഗി കി രാഹ് മേം ഠക് രാ  ഗയാ കൊയീ
                                     ഇക് രോഷ്നി അന്ധേരാ മേം ബികരാ ഗയാ കൊയീ

മനസ്സ് ഒരു ഫ്ലാഷ്  ബാക്കിനുള്ള ഒരുക്കത്തിലാണെന്നറിഞ്ഞു ഞാന്‍ പതിയെ കട്ടിലിലേക്കമര്‍ന്നു. ഒറ്റക്കിരിക്കുന്നവനെ സങ്കടങ്ങള്‍ക്ക് ഒറ്റു കൊടുക്കുന്ന ദുഷ്ടനാണ് ഓര്‍മ്മയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒട്ടും അനുസരണയില്ലാതെ യുദ്ധഭൂമിയില്‍ പായുന്ന ഒരു കുതിരയെപ്പോലെയാണ് ചിലപ്പോള്‍ മനസ്സ്. ചേദിക്കപ്പെട്ട കബന്ധങ്ങള്‍ കണ്ടു പകച്ചു പിടിയിലൊതുങ്ങാതെ എതിര്‍ചേരിയിലേക്ക് പാഞ്ഞു കയറി അശ്വാഭടനെ ശത്രുവിന് മുന്നിലേക്ക്‌ എറിഞ്ഞു കൊടുക്കുന്ന ഒരു ഭ്രാന്തന്‍ യുദ്ധക്കുതിരയെപ്പോലെ. ഞാനൊരിക്കല്‍ ഇതവളോട് പറഞ്ഞിട്ടുമുണ്ട്. അവള്‍ എന്നു പറയുന്നത് മറ്റേതൊരു പെണ്‍കുട്ടിയേയും പോലെ ഒരുവള്‍ എന്നൊരു സാമാന്യവല്‍ക്കരണത്തിനപ്പുറം നില്‍ക്കുന്നവളാണ്. വികാരവിചാരങ്ങളുടെ സംവേദന വഴിയില്‍ രണ്ടുപേര്‍ തമ്മിലെ ബന്ധം എങ്ങനെ പരിവര്‍ത്തിക്കപ്പെടാം എന്നതിനെക്കുറിച്ചൊരു ഗവേഷണം നടത്തിയ ചരിത്രം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കുമുണ്ട്. ഓര്‍മ്മകളുടെ വേലിയേറ്റങ്ങളില്‍ ഇടയ്ക്കിടെ വന്നു പോകുന്ന അപൂര്‍വമായ ഒരു കാലഘട്ടം.                     
ഞാനൊരു തിരിഞ്ഞു നടത്തത്തിനൊരുങ്ങി പതുക്കെ കണ്ണുകളടച്ചു.

മെഹ്ദി ഹസന്‍ പാട്ട് തുടര്‍ന്ന് കൊണ്ടിരുന്നു:
        
                            പെഹലെ വൊഹ് മുജ്ജ്കോ ദേഖ് കര്‍ ഭര്‍ ഹംസി ഹോഗയീ
                            ഫിര്‍ അപ്നെ ഹി ഹസീന്‍ ഖയാലോന്‍ മേ ഖോ ഗയീ

സര്‍ഗാത്മകതയുടെ ആഘോഷമായി വന്ന  അധ്യാപന പരിശീലന കാലം. മനശാസ്ത്ര വഴിയിലെ സങ്കേതങ്ങള്‍ പുതുമയോട അറിഞ്ഞു വരുന്ന സമയം. അറിഞ്ഞു തുടങ്ങിയ കാര്യങ്ങള്‍ പരസ്പരം പരീക്ഷിച്ചു നോക്കുന്നതില്‍ തുടങ്ങി ഞങ്ങളുടെ ഗവേഷണ ത്വര. അത്തരമൊരു ഘട്ടത്തിലാണ് സ്വന്തമായൊരു വീക്ഷണവുമായി അവള്‍ വരുന്നത്. ചിന്തകളുടെ തരംഗദൈര്‍ഘ്യം ക്രിയാത്മകമായി പരിരംഭണം ചെയ്യുമ്പോള്‍ രണ്ടുപേര്‍ പ്രണയാതുരരാകാന്‍ സാധ്യതയേറുന്നുവെന്നും  മറിച്ചായാല്‍ അവരൊരിക്കലും ഒരു നേര്‍രേഖയില്‍ സന്ധിക്കില്ലെന്നുമുള്ള  അത്യന്തം നൂതനമെന്നു അവള്‍ തന്നെ സ്വയം വിശേഷിപ്പിച്ച ഒരു തോട്ട്. അതൊരു തോട്ടല്ലെന്നും പ്രണയിക്കാന്‍ ‍കൊതിക്കുന്ന വിവിധ ആശയക്കാരെ പരസ്പരം അകറ്റാനുള്ള ഒരാട്ടാണെന്നും ഞാന്‍ ചുമ്മാ മനസ്സില്‍ പറഞ്ഞു (നേരിട്ട് പറയാന്‍ പേടിയായിട്ടാ... ദേഹോപദ്രവം ആര്‍ക്കാണ് പേടിയില്ലാത്തത്? ).    

LinkWithin

Related Posts Plugin for WordPress, Blogger...