ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Monday 22 August 2011

രാഹുല്‍ ദ്രാവിഡ്‌ - ക്ലാസിക് ക്രിക്കറ്റിന്‍റെ എന്‍സൈക്ലോപിഡിയ

      
  അയാള്‍ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ പാകിയ വഴികളിലൂടെ  നടക്കും, എത്ര ദൂരവും...., സാഹചര്യം അയാളോട് അത് ആവശ്യപ്പെടുന്നുവെങ്കില്‍.....


 വേഗത പോലും നിര്‍ണയിക്കാനാവാത്ത വിധം ചാട്ടുളി പോലെ പന്ത് കുത്തി തിരിയുന്ന ആസ്ട്രേലിയന്‍  മണ്ണിലെ പെര്‍ത്തില്‍, 


നെഞ്ചു വരെ ഉയര്‍ന്നു പൊങ്ങുന്ന ബൌണ്‍സറുകളുടെ മരണക്കെണിയൊരുക്കുന്ന ബ്രിസ്ബേനില്‍,  


പ്രവചനാതീതമായ പന്തിന്‍റെ കറക്കം കൊണ്ട് സ്പിന്നര്‍മാരുടെ ഇഷ്ട ഗ്രൗണ്ടായി മാറിയ  സിഡ്നിയിലെയും,  അഡലൈഡിലെയും ഈര്‍പ്പം വറ്റി വരണ്ട പിച്ചുകളില്‍, 


സീമര്‍മാരുടെ വിളനിലമായ മെല്‍ബണില്‍, റിവേര്‍സ് സിംഗുകള്‍ യഥേഷ്ടം പിറക്കുന്ന ഇംഗ്ലിഷ് മണ്ണിലെ ഓവലില്‍, 
ഫാസ്റ്റ് ബൌളര്‍മാരുടെ പറുദീസയായ ന്യൂസിലാന്റിലെ  ഈഡന്‍ പാര്‍കിലും ഓക് ലാന്‍ഡിലും, 


ബാറ്റ്സ്മാന്‍മാരുടെ ചങ്കിടിപ്പ് കൂട്ടുന്ന വിണ്ടു കീറിയ കരീബിയന്‍ പിച്ചുകളില്‍, 


ചുട്ടു പഴുത്തു കിടക്കുന്ന ഏഷ്യന്‍ ഗ്രൌണ്ടുകളില്‍....


 ഇവിടങ്ങളിലെല്ലാം വില്ലോമരത്തില്‍ കടഞ്ഞെടുത്ത ഒരു മാന്ത്രികവടിയുമായി വന്‍മതിലുപോലെ പ്രതിരോധത്തിന്‍റെ  ആള്‍രൂപമായി ഒരു അവധൂതനെപ്പോലെ അയാള്‍.....
  
  ഇഷ്ട പൊസിഷനായ മൂന്നാം നമ്പറില്‍ നിന്നും മാറി അയാള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാന്‍ വരും, ടീമിന് ഒരു മികച്ച തുടക്കം നല്‍കേണ്ടതായി വരുമ്പോള്‍‍...


അഞ്ചാം നമ്പറിലേക്ക് ‍ഇറങ്ങിക്കളിക്കും, ആത്മ വിശ്വാസം കുറഞ്ഞ വാലറ്റക്കാരെ കൂടെ നിര്‍ത്തി മികച്ച ഫിനിഷിംഗ് ആവശ്യമാകുമ്പോള്‍.....


  അതിദീര്‍ഘ ഇന്നിംഗ്സുകള്‍  കളിക്കാനുണ്ടാകുമ്പോഴും കയ്യില്‍ ഗ്ലവ്സ് അണിഞ്ഞു വിക്കെറ്റ് കീപ്പറിന്‍റെ വേഷത്തില്‍ വരും, ഒരു അധിക ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തി ടീമിനെ ശക്തിപ്പെടുത്താന്‍ അവസരമൊരുക്കാന്‍....


    അപകടം നിറഞ്ഞ ഫസ്റ്റ് സ്ലിപ്പില്‍ നിതാന്ത ജാഗ്രതയോടെ നിലയുറപ്പിക്കും, തന്‍റെ ചോരാത്ത കൈകളിലൂടെ ടീമിന് ഒരു ബ്രേക്ക് ത്രൂ നല്‍കാന്‍....


  അധികം ഉപയോഗിച്ചിട്ടില്ലാത്ത തന്‍റെ റൈറ്റ് ആം ഓഫ്‌ ബ്രേക്ക് ബോളുമായും അയാള്‍ വന്നിട്ടുണ്ട്, ആസ്ഥാന ബൌളര്‍മാര്‍ വിക്കെറ്റ് കിട്ടാതെ തല്ലു വാങ്ങിയപ്പോള്‍ ടീമിനെ രക്ഷിക്കാന്‍....


    2002  -ല്‍ ഇംഗ്ലണ്ട് ടൂറില്‍ നീണ്ട 31 മണിക്കൂര്‍ തുടര്‍ച്ചയായി ഒറ്റയാള്‍ ഭടനെ പോലെ അയാള്‍ നിന്ന് പൊരുതി, ടീമിനെ അപകടത്തില്‍ നിന്നും കര കയറ്റാന്‍...


      കല്‍ക്കത്തയിലും അഡലേഡിലും ഓസീസിനെതിരെ ഒരു വന്‍മതിലായി  ഉയര്‍ന്നു നിന്നു,  പേര് കേട്ട സ്പിന്‍ മാന്ത്രികരെയും  സീമര്‍മാരെയും നിഷ്പ്രഭമാക്കി  രാജ്യത്തിന്‍റെ മാനം കാക്കാന്‍.....


    സെബീന പാര്‍ക്കിലെ തീ തുപ്പുന്ന  പിച്ചില്‍ കടപുഴക്കാന്‍ കഴിയാത്ത ഒരു വന്‍മരമായി വളര്‍ന്നു നിന്നു,  പുകള്‍ പെറ്റ വിന്റീസ്  തീപന്തങ്ങളെ തല്ലിക്കെടുത്താന്‍....


          ഒരു ഓണ്‍ സൈഡ് പ്ലയര്‍ ആയി തുടങ്ങി പിന്നെ പിന്നെ ക്രിക്കറ്റ്‌ പാഠപുസ്തകത്തിലെ എല്ലാ ഷോട്ടുകളും കൊണ്ട് ഗ്രൗണ്ടില്‍ കവിത വിരിയിച്ചു അയാള്‍. ടെക്നിക്കുകളുടെയും ടെക്സ്റ്റ്‌ ബുക്ക്‌ ഷോട്ടുകളുടെയും അറ്റമില്ലാത്ത മനസ്സാനിധ്യത്തിന്‍റെയും ഉപമകളില്ലാത്ത സ്റ്റാമിനയുടെയും  ആള്‍രൂപമായി....


ഒരിന്നിങ്ങ്സിന്‍റെ അവസാനം കളിച്ച ഷോട്ടുകളുടെ വാഗണ്‍ വീല്‍ നോക്കിയാല്‍ ഒരു പൂക്കളം പോലെ മനോഹരം,
പോയിന്റിലേക്കുള്ള സ്ക്വയര്‍ ഡ്രൈവുകള്‍ , കട്ടുകള്‍‍, റിസ്റ്റി ഫ്ലിക്കുകള്‍, 
വിക്കറ്റിനു പിറകിലൂടെ തേഡ്‌മാനിലൂടെയുള്ള ലേറ്റ് കട്ടുകള്‍, ഫൈന്‍ ലെഗ്ഗിലേക്കുള്ള ലെഗ് ഗ്ലാന്സുകള്‍, സ്ക്വയര്‍ ലെഗ്ഗിനും മിഡ്‌ വിക്കെറ്റിനുമിടയിലൂടെ അതിര്‍ത്തി കടക്കുന്ന പുള്‍ ഷോട്ടുകള്‍,  
സ്ക്വയര്‍ ലെഗ്ഗിനു പിന്നിലൂടെ പായുന്ന ഹൂക്കുകള്‍, 
വൈഡ് മിഡ്‌ ഓണിനും മിഡ്‌ വിക്കെറ്റിനുമിടയിലൂടെ ചാട്ടുളി പോലെ ഓണ്‍ ഡ്രൈവുകള്‍, 
മിഡ്‌ ഓഫിലേക്ക് നിലം പറ്റി ഉരുളുന്ന ഓഫ്‌ ഡ്രൈവുകള്‍, 
എറിയുന്നവന്‍റെ മനം തകര്‍ത്ത്  തുടരെ തുടരെ അതിര്‍ത്തി കടക്കുന്ന സ്ട്രൈറ്റ്‌ ഡ്രൈവുകള്‍, 
ഹിറ്റുകളേക്കാള്‍ ബുദ്ധിപൂര്‍വ്വവും മനോഹരവുമായ ലീവുകള്‍, 
സ്ലോ ബോളുകളില്‍ ലെഗ് സൈഡിലൂടെ കോരിയിടുന്ന സീപ്പുകള്‍, 
ഫീല്‍ഡറുടെ പ്രതീക്ഷകളെ തകിടം മറിച്ചു പോയന്റിനു പിന്നിലേക്കോ തേഡ്‌മാനിലേക്കോ പന്തിനെ പറത്തി വിടുന്ന റിവേര്‍സ് സ്വീപ്പുകള്‍, 
കുതിച്ചുവന്നു കുത്തിയുയര്‍ന്നു വിക്കെറ്റിലേക്ക് പറക്കുന്ന യോര്‍ക്കറുകളെ പോയിന്റ്‌ ബ്ലാങ്കില്‍ നിശ്ചലമാക്കുന്ന ഫ്രന്റ് ഫൂട്ടില്‍ ഊന്നിയുള്ള  ഡിഫെന്‍സീവ് സിഗ്നേച്ചര്‍ ബ്ലോക്കുകള്‍.....
പൊയന്റിനും ഗള്ളിക്കും ഇടയിലൂടെ, ഗള്ളിക്കും തേര്‍ഡ് സ്ലിപ്പിനുമിടയിലൂടെ രണ്ടായി പകുത്തു പായുന്ന  ജ്യോമെട്രിക്കല്‍ കൃത്യതയോടെയുള്ള ഓഫ്‌ സൈഡ് ഗാപ്‌ ഷോട്ടുകള്‍....   
1996- ല്‍ ശ്രീലങ്കക്കെതിരെ ഏകദിനത്തിലും ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം. 
അരങ്ങേറ്റ ടെസ്റ്റില്‍ 95-ഉം തൊട്ടടുത്ത ടെസ്റ്റില്‍ 85-ഉം റണ്സടിച്ചു കൊടുങ്കാറ്റു പോലെ തന്‍റെ വരവറിയിച്ചു.


 1996 - 97 ലെ സൌത്താഫ്രിക്കന്‍ ടൂറില്‍ ഒന്നാം ഇന്നിംഗ്സില്‍  148 റണ്‍സ്  അടിച്ചു  ടെസ്റ്റ്‌ കരിയറിലെ കന്നി സെഞ്ച്വറി  , രണ്ടാം ഇന്നിങ്ങ്സില്‍ 81 , കളിയിലെ കേമന്‍ പട്ടം ആദ്യമായി, 


1998 -ന്‍റെ തുടക്കത്തില്‍ വിന്റീസ്, ശ്രീലങ്ക, ഓസീസ് ടീമുകളുമായി വിദേശത്തും ഹോം പിച്ചിലും  സീരീസുകള്‍, മികച്ച ആവറെജോടെ പതിനൊന്നോളം ഹാഫ് സെഞ്ച്വറികള്‍, 


1998 -അവസാനത്തില്‍ സിംബാബ്‌വേക്കെതിരെ ടെസ്റ്റ്‌ കരിയറിലെ രണ്ടാം സെഞ്ച്വറിയായി വീണ്ടും ഒരു 148,  


1999 -ല്‍ ന്യൂസിലാന്റിനെതിരെയുള്ള ന്യൂ ഇയര്‍ ടെസ്റ്റ്‌ മാച്ചില്‍ 190 ,103*  എന്നിങ്ങനെ രണ്ടിന്നിങ്ങ്സിലും തുടര്‍ച്ചയായി സെഞ്ച്വറി നേടി ഈ നേട്ടമെത്തിയ  മൂന്നാമത്തെ ഇന്ത്യക്കാരനായി. 


ഡല്‍ഹിയില്‍ ന്യൂസിലാന്റിനെതിരെ 200* അടിച്ചു ടെസ്റ്റ്‌ കരിയറിലെ ആദ്യത്തെ ഡബിള്‍ സെഞ്ച്വറി,  അതേ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്ങ്സില്‍ 70* അടിച്ചു ഇന്ത്യയെ  വിജയത്തിലേക്ക് നയിച്ചു. അതേ സീരീസിലെ  രണ്ടാം ടെസ്റ്റില്‍ 162  റണ്സടിച്ചു ക്രിക്കറ്റ് ലോകത്തിന്‍റെ മനം കവര്‍ന്നു.
 
1998 ല്‍ ഏകദിന ശൈലിക്ക് പറ്റില്ലെന്ന് പറഞ്ഞു  മാറ്റി നിര്‍ത്തിയവര്‍ക്കു മാന്യമായി ബാറ്റു കൊണ്ട്  മറുപടി നല്‍കിയത്  1999 -ലെ വേള്‍ഡ് കപ്പില്‍  461 റണ്‍സ് അടിച്ചു മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് ആയാണ് .  അതില്‍ കെനിയക്കെതിരെ 110, ശ്രീലങ്കക്കെതിരെ 145 , ഒപ്പം വിക്കെറ്റ് കീപ്പറിന്‍റെ റോളും.
ജീവന്‍ തുടിക്കുന്ന വിദേശ പിച്ചുകളില്‍,  അതീവ കഠിനമായ സാഹചര്യങ്ങളില്‍,  ബോളിന്‍റെ ഗതിവിഗതികള്‍ പ്രവചനാതീതമായ ഇംഗ്ലീഷ്, കരീബിയന്‍, കിവീസ്, ഓസീസ് ഗ്രൌണ്ടുകളില്‍ വെറും കടലാസ് പുലികളായി മാറുന്ന 'യുവ രക്തങ്ങളെ' സാക്ഷിയാക്കി അറുപതിനോടടുത്ത ശരാശരിയുമായി ഈ ഒറ്റയാന്‍. 





2001 ല്‍ കല്‍കത്തയില്‍ ഓസീസിനെതിരെ ആണ് ആ വീരേതിഹാസം രചിക്കപ്പെട്ടത്‌.  അഞ്ചാം വിക്കറ്റില്‍ 281 എടുത്ത വി വി എസ് ലക്ഷ്മണോടൊപ്പം  180  റണ്‍സ് അടിച്ചു അയാള്‍ അജയ്യനായി നിന്നു. 
 2001 അവസാനത്തില്‍ പോര്‍ട്ട്‌ എലിസബെത്തില്‍ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍   അയാള്‍ ഒരു വടവൃക്ഷമായി നിന്നു അവര്‍ക്ക് അവരുടെ സുനിശ്ചിത വിജയം നിഷേധിച്ചു. 
  2002 -ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ  നിഴലില്‍ നിന്നും മാറി ഇന്ത്യയുടെ  എക്കാലത്തെയും മികച്ച ടെസ്റ്റ്‌ പ്ലയര്‍  എന്നാ ഖ്യാതിയിലേക്ക് അയാള്‍ നടന്നു കയറി. ആ വര്‍ഷം ഏപ്രിലില്‍ ജോര്‍ജ് ടൌണില്‍ വിന്റീസിനെതിരെ അഭേദ്യമായ 144 റണ്‍സ്,   അതേ വര്‍ഷം അവസാനത്തില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നും വിന്റീസിനെതിരെ ഒന്നുമടക്കം നാല് തുടര്‍ച്ചയായ ടെസ്റ്റ്‌ സെഞ്ച്വറികള്‍,  ആഗസ്റ്റില്‍ ഇംഗ്ലണ്ടിലെ സീമര്‍മാരുടെ പറുദീസയായ ഹെഡിംഗ് ലീ സ്റ്റേ ഡിയത്തില്‍ 148  അടിച്ചു മാന്‍ ഓഫ് ദി മാച്ച് പട്ടത്തോടെ  ഇന്ത്യയെ വിദേശ മണ്ണില്‍ ടെസ്റ്റ്‌ വിജയത്തിലേക്ക് നയിച്ചു ‌. അതേ സീരീസില്‍ അറുനൂറോളം റണ്‍സ് എടുത്തു മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡും സ്വന്തമാക്കി ചരിത്രത്തിലേക്ക്. 
2003 - 2004  സീസണില്‍  മൂന്നു ഡബിള്‍ സെഞ്ച്വറികള്‍, ന്യൂസീലാന്റ് , ഓസീസ്, പാകിസ്താന്‍, എന്നിവര്‍ക്കെതിരെ.  അഡലെയ്ഡ് ടെസ്റ്റില്‍ ഓസീസിന്‍റെ 556 നെതിരെ 85 -നു 4 എന്ന ദുരവസ്ഥയില്‍ 148 റണ്‍സെടുത്ത  ലക്ഷ്മണോടപ്പം ചേര്‍ന്ന് 233 റണ്‍സും സ്വന്തമായടിച്ചു  അയാള്‍ ഇന്ത്യയെ കരകയറ്റി. ആ കൂട്ടുകെട്ട് ടെസ്റ്റ്‌ ക്രിക്കറ്റിന്‍റെ  നാള്‍വഴിയിലെ ഒരു നാഴിക കല്ലായി ഇന്നും അടയാളപ്പെട്ടു കിടക്കുന്നു. അതിലെ രണ്ടാം ഇന്നിങ്ങ്സില്‍ കൈ വിട്ടു പോകുമായിരുന്ന കളിയില്‍  കടുത്ത ഓസീസ് പേസ് ബൌളിങ്ങിനെ ഒറ്റയ്ക്ക് നേരിട്ട് അയാള്‍ നേടിയ 72 റണ്‍സ് ആണ് അന്ന് വിജയത്തിലേക്ക് ഇന്ത്യയെ വഴി നടത്തിയത്. 103.16 ശരാശരിയോടെ 619 റണ്‍സ് ആണ് ആ നാല് മത്സരങ്ങളടങ്ങിയ സീരീസില്‍ അയാള്‍  അടിച്ചു കൂട്ടിയത്, കൂടെ മാന്‍ ഓഫ് ദി സീരീസും. 
    അതേ വര്‍ഷം ഗാംഗുലിയുടെ അഭാവത്തില്‍ പാകിസ്താന്‍ മണ്ണില്‍ ഇന്ത്യന്‍ ടെസ്റ്റ്‌ ടീമിനെ നയിച്ചു ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാനെതിരെ അവരുടെ മണ്ണില്‍ ഇന്ത്യക്ക് സ്വപ്നവിജയം സമ്മാനിച്ചു. ആ സീരീസിലെ മൂന്നാം മത്സരത്തില്‍ റാവല്‍പിണ്ടിയില്‍ 270 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചാണ്  ക്യാപ്റ്റന്‍സിയുടെ നേരര്‍ത്ഥം കാണിച്ചു തന്നു അയാള്‍ ഇന്ത്യക്ക് ചരിത്രമെഴുതിയ സീരീസ് വിജയം സമ്മാനിച്ചത്. 


  2008 -ല്‍ പെര്‍ത്ത് ടെസ്റ്റില്‍ നേടിയ 93 റണ്‍സ് ആണ് ഒസീസിനെതിരെയുള്ള സീരീസില്‍ ഇന്ത്യക്ക് പൊരുതി നില്‍ക്കാന്‍ സഹായിച്ചത്. അതേ വര്‍ഷം മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരെ 136 അടിച്ചു ഗൌതം ഗംഭീറുമൊത്ത് മുന്നൂറു റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ രക്ഷപ്പെടുത്താനും അയാള്‍ മുന്നില്‍  നടന്നു. 


വിദേശ പിച്ചുകളില്‍ ഷോര്‍ട്ട് ബോളുകള്‍ നേരിടാന്‍ കഴിയാതെ യുവരക്തം മുടന്തിയപ്പോള്‍ 2009 -ല്‍ രാജ്യം  ആ പോരാളിയെ  ഏകദിന ടീമിലേക്ക് തിരിച്ചു വിളിച്ചു.  


2010 -ല്‍ 191 റണ്‍സിന്‍റെ  ഇന്നിങ്ങ്സോടെ തന്‍റെ മുപ്പത്തിയൊന്നാം ടെസ്റ്റ്‌ സെഞ്ച്വറി


 2011 -ല്‍ ജൂണ്‍ 22 നു  വെസ്റ്റിന്ടീസിനെതിരെ  സെബീന പാര്‍കില്‍ 112, ജൂലൈ 22 -നു ഇംഗ്ലണ്ടിനെതിരെ ലോഡ്സില്‍ 103 *, നോട്ടിംഗ്ഹാമില്‍ 117 , ആഗസ്റ്റ്‌ 22 -നു  ഓവലില്‍ 146 *.......




157 ടെസ്റ്റില്‍ നിന്നും 5  ഡബിള്‍ സെഞ്ച്വറി, 35 സെഞ്ച്വറി, 60 ഫിഫ്റ്റീസ് അടക്കം 12576 റണ്‍സ് , 207 ക്യാച്ചുകള്‍, 


 339 ഏകദിനങ്ങളില്‍ നിന്നായി 12 ശതകം, 82 അര്‍ദ്ധ ശതകം അടക്കം 10765 റണ്‍സ്, 196 ക്യാച്ചുകള്‍, 14  സ്ടംപിംഗ്, 


ഹോം പിച്ചിനേക്കാള്‍ കൂടുതല്‍ വിദേശ പിച്ചുകളില്‍ മികച്ച ആവറേജുള്ള അപൂര്‍വ്വം ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരില്‍ ഒരാള്‍,

 ഏകദിനങ്ങളിലെ രണ്ടു മികച്ച പാര്‍ട്ണര്‍ഷിപ്പ് റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍ അയാള്‍ എഴുതി ചേര്‍ത്തു.   ഗാംഗുലിയുമായി 318 റണ്‍സിന്‍റെയും , സച്ചിനുമായി 331 റണ്‍സിന്‍റെ ലോക റെക്കോര്‍ഡ്‌ കൂട്ടുകെട്ടും.


      ഒരു ക്യാപ്റ്റന്‍റെ കീഴില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വിഹിതം നല്‍കി മാച്ചുകള്‍ വിജയിപ്പിച്ച ലോക റെക്കോര്‍ഡും അയാള്‍ സ്വന്തം പേരിലേക്ക് കൂട്ടിച്ചേര്‍ത്തു. സൌരവ് ഗാംഗുലി നയിച്ച്‌ വിജയിച്ച 21 ടെസ്റ്റുകളില്‍ സ്വന്തമായി ഒമ്പത് സെഞ്ച്വറികള്‍, പത്തു ഹാഫ് സെഞ്ച്വറികള്‍ എന്നിവയടക്കം 102 .8    ശരാശരിയോടെ 2571 റണ്‍സാണ് അയാള്‍ ഒറ്റയ്ക്ക് നേടി ലോക നെറുകയിലേക്ക് നടന്നു കയറിയത്.


ഏകദിന ശൈലിക്ക് ചേരാത്ത ബാറ്റിംഗ് രീതിയാണെന്ന് വിമര്‍ശിച്ചവര്‍ക്ക് മറുപടിയായി ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരനായി മാറി.
  
ഏകദിനത്തിലും ടെസ്റ്റിലും  പതിനായിരം ക്ല്ബ്ബില്‍ അംഗം,  


 ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സെടുത്ത ഇന്ത്യക്കാരില്‍ മൂന്നാമന്‍, ലോകത്ത് ആറാമന്‍‍ 
 
ടെസ്റ്റില്‍ റിക്കി പോണ്ടിങ്ങിനെയും മറികടന്നു റണ്‍ വേട്ടയില്‍  ലോകത്ത് സച്ചിന് പിന്നില്‍ രണ്ടാമന്‍, 


കരിയറില്‍ ടെസ്റ്റ്‌ റാങ്കിങ്ങില്‍ ഒന്നാമനും ഏകദിന റാങ്കിങ്ങില്‍ അഞ്ചാമനും ആയി കായികലോകത്ത് വ്യക്തി മുദ്ര പതിപ്പിച്ചു


1998 -ല്‍ അര്‍ജുന അവാര്‍ഡ്‌, 


1999 -ല്‍ വേള്‍ഡ് കപ്പ്‌ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് 


2000 -ല്‍ വിസ്ഡെന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍, 


2004 -ല്‍ പത്മശ്രീ, 


2004 -ല്‍  ഐ സി സി പ്ലയര്‍ ഓഫ് ദി ഇയര്‍ (സര്‍ ഗാരിഫീല്‍ഡ് സോബെര്‍സ് ട്രോഫി) 


2004 -ല്‍  ഐ സി സി ടെസ്റ്റ്‌ പ്ലയര്‍ ഓഫ് ദി ഇയര്‍ 
2004 -ല്‍ എം ടി വി യൂത്ത് ഐക്കണ്‍ ഓഫ് ദി ഇയര്‍


2005 -ലെ ഐ സി സി വണ്‍ ഡേ വേള്‍ഡ് ഇലവനില്‍ സ്ഥാനം നേടിയ ഏക ഇന്ത്യന്‍ താരം 


2006 -ല്‍  ഐ സി സി ഡ്രീം ടെസ്റ്റ്‌ ടീമിന്റെ ക്യാപ്റ്റന്‍


2005 - 2007 ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍
  
ടെസ്റ്റ്‌ പദവിയുള്ള മുഴുവന്‍ രാജ്യങ്ങളുമായും അവരുടെ മണ്ണില്‍ സെഞ്ച്വറി നേടിയ ലോകത്തെ ഏക താരം,


ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചെടുത്ത ലോക റെക്കോര്‍ഡ്‌  സ്വന്തം


പതിനെട്ടോളം വ്യത്യസ്ത കളിക്കാരുമായി എണ്‍പതോളം സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പുകള്‍, 


സച്ചിനുമായി പത്തൊമ്പതോളം സെഞ്ച്വറി കൂട്ടുകെട്ടുകള്‍


       ഒരത്ഭുതമായി രാഹുല്‍ ദ്രാവിഡ്‌ എന്ന ഇതിഹാസ താരം ഇപ്പോഴും പുല്‍മൈതാനത്തു വീര പോരാളിയായി ബാക്കി നില്‍ക്കുന്നു. വിമര്‍ശനങ്ങളുടെ കൂരമ്പുകളെ തന്‍റെ  ക്ലാസ്സ്‌ കൊണ്ട് മാത്രം നേരിട്ട ക്രിക്കറ്റിലെ എന്നത്തേയും ജെന്റില്‍മാന്‍, മിസ്റ്റര്‍ കൂള്‍, മിസ്റ്റര്‍ കണ്സിസ്റ്റന്റ്, മിസ്റ്റര്‍ ഡിപ്പന്‍റ്റബിള്‍, ദി വാള്‍.......അങ്ങനെ വിശേഷണങ്ങളുടെ നീണ്ട നിര തന്നെയുള്ളപ്പോഴും വിനീതനും സൌമ്യനുമായി അയാള്‍.... 

            ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. 2009 -ല്‍ ജോഹന്നാസ്ബര്‍ഗില്‍ അവസാനമായി ഏകദിനം കളിച്ചതിനു ശേഷം മികച്ച ഫോമിലായിരുന്നിട്ടും 2011 ലോകകപ്പുള്‍പ്പെടെയുള്ള  ഏകദിന ടീമിലേക്ക് വിളിക്കാതിരുന്നവരോട് ഒട്ടും നീരസം കാണിക്കാതെ തന്‍റെ മികച്ച ഇന്നിങ്ങ്സുകള്‍ രാജ്യത്തിന് വേണ്ടി കാഴ്ച വെച്ചു കൊണ്ടേയിരിക്കുന്നു ഈ പെര്‍ഫെക്റ്റ്‌ ക്രിക്കറ്റര്‍. 2011 ആഗസ്റ്റില്‍ നടന്ന ഇംഗ്ലണ്ട് ടൂറില്‍ പേര് കേട്ട സിംഹങ്ങള്‍ എല്ലാം തപ്പി തടയുമ്പോഴും രണ്ടു സെഞ്ച്വറികളുമായി അയാള്‍ കത്തി നിന്നു. ഒടുവില്‍ വീണ്ടും ഒരു പ്രായശ്ചിത്തം പോലെ സെലക്റ്റര്‍മാര്‍ക്ക് അയാളെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന ടീമിലേക്ക് തിരിച്ചു വിളിക്കേണ്ടി വന്നിരിക്കുന്നു. കാലത്തിന്‍റെ കാവ്യ നീതി....


          ഇത്തവണ മിസ്റ്റര്‍ കൂള്‍ തന്നെ ഇത്ര കാലവും ഏകദിനത്തില്‍ നിന്നും മാറ്റിനിര്‍ത്തിയ ബി സി സി ഐ യിലെ താപ്പാനകളോട് മനോഹരമായി മറുപടി നല്‍കിയിരിക്കുന്നു. ഇംഗ്ലണ്ടിലെ ഏകദിന -ട്വന്റി ട്വന്റി മത്സരങ്ങളോടെ ഏകദിന ക്രിക്കറ്റിനോട് വിട പറയുന്നതായി രാഹുല്‍ ദ്രാവിഡ്‌ പ്രഖ്യാപിച്ചത് ക്രിക്കറ്റ് ബ്യുറോക്രസിയുടെ മുഖത്തേറ്റ കനത്ത പ്രഹരമായി ശേഷിക്കുന്നു. തന്നെ തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ഏകദിന സീരീസ് കളിച്ചിട്ടെ ഹൃസ്വ ക്രിക്കറ്റിന്‍റെ ക്രീസ് വിടുന്നുള്ളൂ എന്ന നിലപാട് താന്‍ കരിയറിലുടനീളം പുലര്‍ത്തിയ മാന്യതയുടെ ഏടില്‍ ഒരു പൊന്‍താളായി അയാള്‍  തുന്നി ചേര്‍ത്തു. 


       അയാള്‍ എന്നും അങ്ങിനെയായിരുന്നു. സ്വരം നന്നായിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുന്ന മാന്യന്‍, ഇംഗ്ലണ്ടില്‍ 2007 -ല്‍ മികച്ച വിജയം നേടിക്കൊടുത്തു അയാള്‍ ക്യാപ്റ്റന്‍ സ്ഥാനം സ്വയം രാജി  വെച്ച്  വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. ഇപ്പോഴിതാ തന്നോട് അനീതി കാട്ടിയവരെക്കൊണ്ട് അത് തിരുത്തിച്ചു അയാള്‍ ഹൃസ്വ ക്രിക്കറ്റില്‍ നിന്നും പാഡഴിക്കുന്നു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ആ മനോഹരമായ കവര്‍ ഡ്രൈവുകളും സ്ക്വയര്‍ കട്ടുകളും ഇനിയും നമ്മളെ കാത്തിരിക്കുന്നു എന്നത് ഈ വിരമിക്കല്‍ വാര്‍ത്തക്കിടയിലും നല്ല ക്രിക്കറ്റിന്‍റെ ആസ്വാദകര്‍ക്ക് ആശ്വാസം പകരുന്നു. 


 

ഒരിക്കല്‍ ഒരാള്‍ പറഞ്ഞു: 


"സച്ചിന്‍ ദൈവമാണ്".


ഉടനെ മറ്റൊരാള്‍ :


"സച്ചിന്‍ ദൈവമാണെങ്കില്‍ തൊട്ടടുത്ത്‌ ഓഫ്‌ സൈഡിലെ ദൈവമായി  സൌരവ് ഉണ്ടാകും".


അടുത്തയാള്‍‍:


"അങ്ങിനെയെങ്കില്‍ നാലാം പൊസിഷനിലെ ദൈവം ലക്ഷ്മണ്‍ ആണ്". 


 മൂവരും ഒരുമിച്ചു നാലാമനോട്:   


"അപ്പോള്‍ ദ്രാവിഡ്??"


  നാലാമന്‍ മറുപടി പറഞ്ഞു‍: 


  "രാത്രിയുടെ നിശബ്ദതയില്‍ ക്ഷേത്ര വാതിലുകള്‍ അടയുമ്പോള്‍ എല്ലാ ദൈവങ്ങളും അകത്ത് പിന്നില്‍..., മുന്നില്‍ ദൈവങ്ങള്‍ക്ക് കാവല്‍ മതില്‍ തീര്‍ത്തു രാഹുല്‍ ദ്രാവിഡ്...!"


     അതെ, ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞതാണ് ശരി: "രാഹുല്‍ ദ്രാവിഡ് ഒരു മതിലാണ്, അഭേദ്യമായ ഒരു വന്‍മതില്‍...."


 കഴിഞ്ഞ അഞ്ചാഴ്ച്ചയ്ക്കുള്ളില്‍ നാല് ടെസ്റ്റ്‌ സെഞ്ച്വറികളുമായി അയാള്‍ ജൈത്രയാത്ര തുടരുകയാണ്....ചരിത്രത്തിലേക്ക്.....
അതിനു സാകഷ്യമായി ഇപ്പോള്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരെ  നടക്കുന്ന നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍  ഗാലറിയില്‍  ഒരു പ്ലക്കാര്‍ഡ്‌ ഉയര്‍ന്നു വന്നു:


England V/s Dravid, The Wall

യാഥാര്‍ത്ഥ്യം സ്ഫുരിക്കുന്ന പ്രയോഗം!!
കാരണം ഇംഗ്ലീഷ് മണ്ണില്‍  'ടീം ഇന്ത്യ' ചിത്രത്തിലേ ഉണ്ടായിരുന്നില്ല. നാല് ടെസ്റ്റിലും പേര് കേട്ട താരസിംഹങ്ങളൊക്കെ പൂച്ചകളായി  പരിണമിച്ചപ്പോള്‍ ഒറ്റയാന്‍ പോരാളിയായി രാഹുല്‍ ദ്രാവിഡ് മാത്രം ആന്‍ഡര്‍സന്റെയും ബ്രോഡിന്റെയും തീയുണ്ടകളെ പ്രതിരോധിച്ചു അജയ്യനായി നില്‍ക്കുന്നു, ഇനിയുമൊരു നൂറങ്കത്തിനു തന്നില്‍ ബാല്യമുണ്ടെന്ന് ബാറ്റു കൊണ്ട് പറയാതെ പറഞ്ഞ്.... 
         
            രാഹുല്‍ ദ്രാവിഡ് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രം ആവര്‍ത്തിക്കുന്ന ഒരപൂര്‍വ്വതയാണ്, കഴിവും ആത്മവിശ്വാസവും വിനയവും സൌമ്യതയും ക്ലാസും ക്രാഫ്റ്റും മാന്യതയും ഇതരരോട് സഹാനുഭൂതിയും എല്ലാം ഒരിടത്തു മേളിക്കുന്ന ഒരു അത്ഭുത പ്രതിഭാസം. ആ ബാറ്റിംഗ് മാന്ത്രികതക്ക് സാക്ഷിയാകാന്‍ കഴിഞ്ഞുവെന്നത് ഈ കാലത്ത് ജീവിച്ചു പോയ നമ്മളോരോരുത്തന്‍റെയും ഭാഗ്യവും...

8 comments:

  1. Well Said Ismail. A nice analysis. Good work. Congrats.

    Toni

    ReplyDelete
  2. നന്നായി ഈ പോസ്റ്റ്‌.. ടെസ്റ്റില്‍ എന്നും ദ്രാവിഡ്‌ തന്നെ അജയ്യന്‍

    ReplyDelete
  3. Gr8...... ee avasaana kaalathenkilum aa prathibhaykku venda parigana labhikkatte.....

    Gr8 Effort.....

    ReplyDelete
  4. thanks a lot. Dravid is my hero

    ReplyDelete
  5. "രാത്രിയുടെ നിശബ്ദതയില്‍ ക്ഷേത്ര വാതിലുകള്‍ അടയുമ്പോള്‍ എല്ലാ ദൈവങ്ങളും അകത്ത് പിന്നില്‍..., മുന്നില്‍ ദൈവങ്ങള്‍ക്ക് കാവല്‍ മതില്‍ തീര്‍ത്തു രാഹുല്‍ ദ്രാവിഡ്...!"

    പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരു വന്മതിലായി ഉറച്ചു നിന്ന് ടീമിന്‍റെ വിജയശില്‍പിയാകാറുള്ള ക്രീസിലും, പുറത്തും മാന്യനായ, സൌമ്യനായ ക്രിക്കറ്റര്‍.. വിട..!!

    (മാതൃഭൂമിയുടെ സ്പെഷ്യല്‍ പേജ്)
    http://www.mathrubhumi.com/static/others/newspecial/index.php?cat=848

    ReplyDelete
  6. മെഹ്ദി ഹസന്‍ സാബ് പാട്ടിലേക്ക് ആകര്‍ഷിക്കുന്നു. പോസ്റ്റ് വായനയിലെ ഏകാഗ്രത നഷ്ടപ്പെടുന്നപോലെ.. :-)

    ReplyDelete
  7. നന്നായി അവതരിപ്പിച്ചു...എന്നാല്‍ നീണ്ടുപ്പോയി ..ആശംസകള്‍ സമയം കിട്ടുമ്പോള്‍ തിരയില്‍ സന്ദര്‍ശിക്കുമല്ലോ

    ReplyDelete
  8. എക്കാലത്തേയും മികച്ച ക്രിക്കറ്റർ.., ബോളുകൾ ലീവ് ചെയ്യുന്നതിലെ മനോഹാരിത കാണിച്ച് തന്ന പ്രിയ കളിക്കാരൻ.

    ReplyDelete

LinkWithin

Related Posts Plugin for WordPress, Blogger...