ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Tuesday 11 October 2011

മേരെ ഗീത് അമര്‍ കര്‍ ദോ....



   ആസ്വാദകര്‍ക്ക് അവരുടെ കുട്ടിക്കാലവും മഴയും കടലാസുതോണിയും തിരികെ കൊടുത്ത...., കൂട്ടുകാരും പ്രണയകഥയിലെ പ്രതിനായകനുമില്ലാത്ത വിചിത്ര നഗരത്തിലൂടെ സഹചാരിയെ തേടിയലഞ്ഞ...., മുല്ലപ്പൂക്കളെ ദ്യോതിപ്പിക്കുന്ന കുഞ്ഞു നയനങ്ങളുള്ള പ്രേയസിയെക്കുറിച്ച് കാമുക ഹൃദയങ്ങളെ പാടിയുലച്ച... ഗസല്‍ സംഗീതത്തിലെ ഒരു ഇതിഹാസം പാട്ട് നിര്‍ത്തി അനശ്വരതയിലേക്ക് നടന്നു നീങ്ങി...
ആ ശബ്ദ സൌകുമാര്യത്തിനു മുന്നില്‍ ഒരു പിടി ഗസല്‍ പൂക്കള്‍...  

Monday 3 October 2011

നന്ദി സൗഹൃദമേ നന്ദി....


 ഒട്ടും വിചാരിച്ചതല്ല, കാലങ്ങള്‍ക്കിപ്പുറം ഇങ്ങനെയൊരു കൂടിച്ചേരല്‍ ഉണ്ടാകുമെന്ന്. കാലിക്കറ്റ്‌ യൂനിവേര്‍സിറ്റി കാന്‍റീന്‍  മുറ്റത്തെ പേരാലിന്‍റെ ചുറ്റുതറയില്‍ ഓര്‍മകളുടെ വേലിയേറ്റങ്ങളുമായി ഞങ്ങള്‍ നാലുപേര്‍. തൃശൂര്‍ പൂരനഗരിയിലെ  ക്ഷേത്രത്തോടു ചേര്‍ന്നുള്ള ഇതുപോലൊരു ആല്‍ത്തറയില്‍ ഇതേ കൂട്ടം ഒരിക്കല്‍ ഇരുന്നിട്ടുണ്ട്. അതിനും മുമ്പ് കണ്ണൂര്‍ യൂനിവേര്‍സിറ്റി കാമ്പസിന്‍റെ മുന്നില്‍ ഊഞ്ഞാല്‍പ്പടി പോലെ താഴ്ന്നു കിടന്ന ഒരു മരക്കൊമ്പിലും. അന്നഞ്ചു പേര്‍. 
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിതള്‍ കൊഴിഞ്ഞു പോയിരിക്കുന്നു. ഹേമന്തത്തെ വരവേല്‍ക്കാന്‍ വസന്തത്തില്‍ തളിര്‍ത്തു വിരിഞ്ഞ അഞ്ചിതള്‍പൂവില്‍ നിന്നൊരിതളിന്‍റെ അനിവാര്യമായ പൊഴിച്ചില്‍.
ചില പിന്‍മടക്കങ്ങള്‍ അങ്ങിനെയാണ്, അറിയാത്ത തുരുത്തുകളിലേക്ക് ആട്ടിത്തെളിക്കപ്പെടുമ്പോള്‍ ആദ്യത്തെയൊരന്ധാളിപ്പ്, പിന്നെ ഒരു നിഷേധിയെപ്പോലെ മനസ്സിനെ ഫാന്‍റസികളിലേക്ക് മേച്ചു വിടുന്നു, പിന്നെ പിന്നെ മടുപ്പിന്‍റെ കുപ്പായമണിഞ്ഞു ഒരു പാകപ്പെടലിന്‍റെ ജീവിതപ്പെട്ടു പോകല്‍...  
ഓര്‍മ മരുന്നും ഒപ്പം മാരണവും ആകുന്ന ചില നേരങ്ങള്‍, നേരറിവുകള്‍‍, നെരിപ്പോടുകള്‍...
ഇനിയും പൊഴിയുവാന്‍ ഋതുഭേദങ്ങള്‍ക്ക് കാതോര്‍ത്ത്‌ ശേഷിക്കുന്ന ഇതളുകള്‍....


സൗഹൃദമേ.....
നിങ്ങളെ
ന്‍റെ പ്രാണനുതിര്‍ന്നു വിങ്ങി തുടങ്ങിയ ഉള്ളിന്‍റെ പൊള്ളലില്‍ തളിച്ച് പോയ തീര്‍ത്ഥം പുനര്‍ജ്ജനിയുടെ നാമ്പുകള്‍ മുളപ്പിച്ചു. അതില്‍ ഇലകളും പൂക്കളും കനികളും ഉണ്ടായി. വേരുകള്‍ മണ്ണിന്‍റെ മാറിലേക്ക് ആഴ്ത്തി അത് നിലയുറപ്പിച്ചു. നിങ്ങള്‍ പകര്‍ന്ന സ്നേഹത്തിന്‍റെ ധാതുവൂറ്റി പല ശിഖരങ്ങളായി പടര്‍ന്നു. 

സൗഹൃദമേ...
ആയുസ്സി
ന്‍റെ കണക്കുപുസ്തകത്തില്‍ ജീവിതാഭ്യാസത്തിന്‍റെ സൂത്രവാക്യങ്ങള്‍ ഒന്നുമില്ലാത്ത, മത്സരത്തിന്‍റെ കുറുക്കുവഴികള്‍ അടയാളപ്പെടുത്താത്ത ഏതാനും താളുകള്‍ നിങ്ങള്‍ തുന്നിച്ചേര്‍ത്തിരിക്കുന്നു. അലയും നിലാവും പൂക്കളും പൂമ്പാറ്റയും പാട്ടും കവിതയും പരിഭവവും പരാതിയും ഒക്കെ ചേര്‍ന്ന്  ജലച്ചായത്തില്‍ തീര്‍ത്ത ഒരു സുന്ദരചിത്രം പോലെ പല വര്‍ണങ്ങള്‍ ചാര്‍ത്തിയ താളുകള്‍...

സൗഹൃദമേ...
നിങ്ങള്‍ക്കെങ്ങനെയാണ് ഞാന്‍ നന്ദി കാണിക്കേണ്ടത്? വഴി മറന്നു മറവിയിലേക്ക് നടന്നു പോകുന്ന പഥിക
ന്‍റെ പിന്നില്‍ ഒരു ഒറ്റത്തിരി റാന്തലുമായി വന്നു നല്ല ഓര്‍മകളുടെ നിലാപെയ്ത്തില്‍ കുളിച്ച ലക്ഷ്യവിതാനത്തിലേക്ക് തിരികെ നടത്തിയതിന്, അക്ഷരക്കൂട്ടുകള്‍ക്കൊപ്പം ആഘോഷക്കൂട്ടുകളൊരുക്കി ഒരു ഉത്സവകാലം സമ്മാനിച്ചതിന്, കരുതലും കാമനയും പ്രണയവും വിരഹവും വിഷാദവും എല്ലാം ചേര്‍ത്ത ഒരു  വിശേഷകൂട്ട് ഒരുക്കി ഇനിയും നിര്‍വ്വചിക്കപ്പെടേണ്ടതായ ഒരു സവിശേഷ ബന്ധം (അതോ ബന്ധനമോ?) കൊരുത്ത് തമ്മില്‍ തമ്മില്‍ കാത്തതിന്,

സൗഹൃദമേ...
പകരം തരാന്‍ ഈയുള്ളവന്‍റെ കയ്യിലെന്തുണ്ട്? പുറംപൂച്ചിനാല്‍ തീര്‍ത്ത  സിരകളും ഗര്‍വ്വിന്‍റെ അശുദ്ധി പേറും ചുവപ്പിനെ വഹിക്കുന്ന ധമനികളും നിറഞ്ഞ ഒരു മിടിക്കുന്ന മാംസപിണ്ഡ മല്ലാതെ!  ഇതെടുത്തു കൊള്‍ക, ഓരോ മിടിപ്പും നിങ്ങള്‍ക്കുള്ള ഈയുള്ളവന്‍റെ  നന്ദി പ്രഘോഷണമാകട്ടെ. 

LinkWithin

Related Posts Plugin for WordPress, Blogger...