ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Sunday 2 December 2012

മെഹ്ദി പാഠങ്ങള്‍ - 6 : ഗുലോം മേ രംഗ് ഭരേ.....

ഫൈസ് അഹമ്മദ്‌ ഫൈസ്
  മെഹ്ദിയിലൂടെയുള്ള യാത്രയില്‍ ഇനി നമ്മള്‍ കടന്നു പോകുന്നത്  ഉര്‍ദു
കാവ്യശാഖയെ വിപ്ലവാത്മകമായ ഒരു കാലഘട്ടത്തിലൂടെ നയിച്ച ഫൈസ്
അഹമ്മദ്‌ ഫൈസിന്റെ പ്രസിദ്ധമായ ഒരു ഗസലിലൂടെയാണ്. 
ഒരു ഗസലിനു വേണ്ട സാഹിത്യപരമായ എല്ലാ ലക്ഷണങ്ങളും
 പാലിച്ചെഴുതപ്പെട്ടതാണ് ഇത്. 

റാദിഫ് -അഥവാ എല്ലാ ഈരടികളുടെയും രണ്ടാമത്തെ വരി അവസാനിക്കുന്നത്
ഒരേ വാക്കിലാകുക എന്നത്- 'ചലേ' എന്ന വാക്കിലൂടെ  റാദിഫ്  ഇവിടെ പാലിക്കപ്പെട്ടത്‌ കാണാം. 

മത് ലാ - അഥവാ ആദ്യത്തെ ഈരടിയുടെ രണ്ടു വരികളിലും അവസാനം
റാദിഫ് ഉണ്ടാവുക എന്നത് - 'ചലേ' എന്ന വാക്ക് ആദ്യ ഈരടിയുടെ
രണ്ടു വരിയുടേയും അവസാനത്തില്‍ വരുത്തി മത് ലാ  പാലിക്കപ്പെട്ടിരിക്കുന്നു. 

കാഫിയാ - അഥവാ എല്ലാ ഈരടികളുടെയും റാദിഫിന് തൊട്ടു മുന്നേയുള്ള
വാക്ക് ഒരേ പ്രാസത്തില്‍ ഉള്ളതാവുക എന്നത് - കാറോബാര്‍, സിക്റെ-യാര്‍,
മുശ്ക്ബാര്‍, ഗംഗുസാര്‍, സന്‍വാര്, താര്‍ താര്‍, സൂയെ-ദാര്‍ തുടങ്ങിയ പ്രാസമൊപ്പിച്ച വാക്കുകളിലൂടെ  (വാക്കുകളുടെ സങ്കലിതപ്രയോഗങ്ങളുമാകാം) പാലിക്കപ്പെട്ടത്‌ കാണാം.  ‍ 

മഖ്താ- അഥവാ അവസാന ഈരടിയില്‍ കവി തന്റെ തൂലികാനാമം വിദഗ്ദ്ധമായി
ഇണക്കി ചേര്‍ക്കുന്നത്- അവസാന ഈരടിയുടെ ആദ്യ വരിയില്‍ 'ഫൈസ്' എന്ന് ചേര്‍ത്തിരിക്കുന്നത് ഈ ഗസലിന്റെ രചയിതാവ് ഫൈസ് അഹമ്മദ്
ഫൈസ് അദ്ധേഹത്തിന്റെ നാമം മഖ്താ പാലിക്കാന്‍ വേണ്ടി ചേര്‍ത്തതാണ്. 

Wednesday 14 November 2012

മെഹ്ദി പാഠങ്ങള്‍ - 5 : അപ്നോ നെ ഗം ദിയെ തോ മുജ്ഹെ യാദ് ആ ഗയാ...


 അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന ചിലരുണ്ട്. നമ്മള്‍ സ്വന്തമെന്നു കരുതിയവരൊക്കെയും ആശ്വാസവും താങ്ങും അനിവാര്യമായ ഒരു സമയത്ത് നമ്മെ  കയ്യൊഴിഞ്ഞു പോവുകയും മാറി നിന്ന് നൊമ്പരങ്ങളുടെ കനലുകളില്‍ എണ്ണ കോരിയിടുകയും ചെയ്യുമ്പോള്‍ വേദന കൊണ്ട് നീറുന്ന മുറിവുകളില്‍ 
അനുതാപത്തിന്റെ തീര്‍ത്ഥം തളിച്ച് കടന്നു വരുന്ന ഒരു അപരിചിതന്‍ /അപരിചിത, അവരുടെ സാമീപ്യം നമ്മെ 
ജീവിതത്തിന്റെ ഹരിതാഭമായ താഴ്വരകളിലേക്ക് മാത്രം നയിക്കുന്നു, ചുറ്റിലുമുള്ള മുഴുവന്‍ സമ്മര്‍ദ്ദങ്ങളെയും 
അതിജയിച്ചു സന്താപങ്ങളൊക്കെയും മറന്നു സദാ സന്തുഷ്ടമായ നാളുകള്‍ സമ്മാനിക്കുന്നു, ഹൃദയത്തിലൊരു പ്രത്യാശയുടെ വിളക്ക് കൊളുത്തി തരുന്നു, ആ വിളക്കിന് ജ്വലിക്കാനുള്ള ഇന്ധനമായി സദാ വര്‍ത്തിക്കുന്നു.
ജീവിതപ്പാച്ചിലിനിടയ്ക്കു പരസ്പരം അനിവാര്യമായും പറയേണ്ടിയിരുന്നത്‌  മാത്രം പറയാതെ 
പോവുകയും ഒരു സുപ്രഭാതത്തില്‍ അവള്‍/അവന്‍ സമീപത്തു നിന്നും  അപ്രത്യക്ഷമാവുകയും ചെയ്യുന്നു. അങ്ങനെയൊരാള്‍ അടര്‍ന്നു പോയതിനു ശേഷമേ അതുണ്ടാക്കുന്ന ശൂന്യത എത്ര ഭീകരമാണെന്നും
ജീവിതയാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടിയ ഒരു അന്യ(ന്‍) എന്നതിനപ്പുറം ആ ബന്ധത്തെ
നിര്‍വ്വചിക്കാന്‍ സമയം കണ്ടെത്താതെ പോയതിന്റെ നഷ്ടം എത്ര വേദനാജനകമാണെന്നും തിരിച്ചറിയുന്നുള്ളൂ. 
ജീവിത നൌക പിന്നെയും കാലത്തിനൊപ്പം മുന്നോട്ടൊഴുകും, സ്വന്തമെന്ന ലേബലൊട്ടിച്ച ഒരുപാട് 
ബന്ധ(ന)ങ്ങളുണ്ടാകും, എങ്കിലും, ഹൃദയവേദനകള്‍ ആവിഷ്ക്കരിക്കാനൊരു ഇടമില്ലാതെ വരുമ്പോള്‍ 
പിന്നെയും ആ പഴയ അപരിചിത(ന്‍)യിലേക്ക്, അവരുടെ ഓര്‍മകളിലേക്ക്, ഒരു വടക്കുനോക്കിയന്ത്രം
പോലെ മനസ്സ് തിരിഞ്ഞു നില്‍ക്കും.  

Sunday 11 November 2012

മെഹ്ദി പാഠങ്ങള്‍ -4: തേരെ ഭീഗെ ബദന്‍ കീ ഖുശ്ബൂ സെ........


മെഹ്ദിയിലൂടെയുള്ള യാത്രയില്‍ ഇത് വരെയും നമ്മള്‍ പിന്നിട്ടു പോയത് വിരഹത്തിന്റെയും പ്രണയനഷ്ടങ്ങളുടെയും ഹൃദയവേദനകളുടെയും വഴികളെയാണ്‌ . ഇനി നമുക്കൊന്ന് വഴി മാറി നടക്കാം. പ്രണയിനിയുടെ അംഗലാവണ്യത്തില് മദോന്‍‍മത്തനായ ഒരു കാമുകന്റെ ആവിഷ്കാരമാണ് ഈ ഗസല്‍. നനഞ്ഞൊട്ടിയ പ്രേയസ്സിയുടെ മെയ്യിന്റെ സുഗന്ധം നുകര്‍ന്ന് മതിമറന്നു പോയ തിരകളേയും  അവളുടെ മുടിയിഴകളില്‍ തഴുകിയകന്നതോടെ   ലഹരിയില്‍ മയങ്ങി നിന്ന കാറ്റിനെയുമൊക്കെപ്പറ്റി പാടുമ്പോള്‍ മെഹ്ദി സാബിന്റെ ശബ്ദം അങ്ങേയറ്റം കാതരമാകുന്നു.
പട്ടു പോലുള്ള ആ   ശബ്ദത്തിന്റെ തൂവല്‍ സ്പര്‍ശം ഏതൊരു കാമുകന്റെയും മനസ്സിലേക്ക് മഴയില്‍
നനഞ്ഞൊട്ടിയ പ്രണയിനിയുടെ ചിത്രം കൊണ്ട് വരുന്നു.  

Wednesday 10 October 2012

മെഹ്ദി പാഠങ്ങള്‍ -3 : രഞ്ജിഷ് ഹീ സഹീ....


മെഹ്ദിയിലൂടെയുള്ള യാത്രയില്‍ അടുത്തത് ജനപ്രിയ മെഹ്ദി 
ഗസലുകളെക്കുറിച്ച്  പറയുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്ന 
അഹമ്മദ് ഫറാസിന്റെ 'രഞ്ജിഷ് ഹീ സഹീ.....' ആണ്. ഒരു പക്ഷെ 
മെഹ്ദി സാബ് വേദികളില്‍ ഏറ്റവും കൂടുതല്‍ ആലപിച്ച ഗസലും 
ഇതായിരിക്കാം.

 
ചില ബന്ധങ്ങള്‍ കണ്ടിട്ടില്ലേ, അസൂയ ജനിപ്പിക്കും വിധം അനുരാഗത്തിന്റെ
ആഴക്കടലില്‍ നീരാടി വന്നു പ്രതിബന്ധങ്ങളെയൊക്കെയും അതിജയിച്ചു  
ജീവിതത്തില്‍ ഒന്നായവര്‍, അപ്രതീക്ഷിതമായി, നമ്മെയൊക്കെ അമ്പരിപ്പിച്ചു
ഒരു നാള്‍ വേര്‍പിരിഞ്ഞു പോകുന്നത്!അവയില്‍ തന്നെ ഭൂരിഭാഗവും 
മാനസികമായി അകന്നു കഴിഞ്ഞിട്ടും ചുറ്റുമുള്ള സമൂഹത്തിന്റെ കണ്ണില്‍ 
തങ്ങളുടെ പ്രണയനാളുകളിലെ  തീവ്രത ഇപ്പോഴും ജീവിതത്തിലും 
നിലനില്‍ക്കുന്നു എന്ന് വെറുതെ ബോധ്യം വരുത്താന്‍ വേണ്ടി ഒരേ കൂരയില്
‍ഹൃദയാതിര്‍ത്തികള്‍ക്കപ്പുറവുമിപ്പുറവുമായി ശിഷ്ടജീവിതം അഭിനയിച്ചു
തീര്‍ക്കുന്നവരാണ്.

Tuesday 2 October 2012

മെഹ്ദി ‍പാഠങ്ങള്‍ - 2 : അബ് കെ ഹം ബിച്ടെ.....




മെഹ്ദിയിലേക്കുള്ള യാത്ര നമ്മള്‍ തുടരുകയാണ്.  ഓണ്‍ലൈന്‍ സുഹൃത്തും ഗസല്‍ പ്രേമിയുമായ പ്രിയപ്പെട്ട
തഹ്സീന്‍ ആവശ്യപ്പെട്ടതു പോലെ മെഹ്ദി സാബിന്റെ മാസ്റ്റര്‍പീസുകളിലൊന്നായ 'അബ് കെ ഹം  ബിച്ടെ...' യിലേക്കുള്ള യാത്രയാണ് ഇത്തവണ. പാകിസ്ഥാനിലെ ആധുനികരില്‍
ഏറ്റവും പ്രമുഖനായ  ഉര്‍ദു കവി അഹമദ് ഫറാസിന്റെ മനോഹരമായ വരികള്‍ക്ക് മെഹ്ദി സാബ് 
ഭൂപാലി  രാഗത്തില്‍ അല്പം മാറ്റം വരുത്തി  ഈണം പകരുമ്പോള്‍ അദ്ദേഹം തന്നെ ഒരു ലൈവ് കണ്‍സേര്ട്ടില് പറയുന്ന പോലെ എല്ലാ വേര്‍പ്പാടിന്റെയും നഷ്ടങ്ങളുടെയും വേദനകള്‍ ഒരുമിച്ച്  നിങ്ങളെ തേടിയെത്തും. പ്രണയനഷ്ടങ്ങളുടെ കടുത്ത ചരിത്രമുള്ളവര്‍ക്ക് അതിന്റെ വേദനകളില്‍ അഭിരമിക്കുന്നതിലൂടെ കിട്ടുന്ന ഒരു
 ലഹരിയുണ്ടല്ലോ, ആ ലഹരിയിലൂടെയാണ് മെഹ്ദി ഹസ്സന്‍ നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നത്,
ഈ ഗസലിലൂടെ.     

Saturday 15 September 2012

മെഹ്ദി പാഠങ്ങള്‍ - 1: ആ ജീവിതഗാനം മെഹ്ദി പാടുമ്പോള്‍.......

      



 പ്രവാസം ചുമരില്‍ തൂങ്ങുന്ന  മങ്ങിയ ചിത്രം പോലെ, എന്നും ഒരേ കാഴ്ചകള്‍, ഒരേ മുഖങ്ങള്‍, ഒരേ വഴികള്‍, അന്തരീക്ഷം പോലും മടുപ്പ് തീണ്ടിയ ആ പഴയ കാറ്റും പേറി....


ഒരു തിരിച്ചുപോക്ക് മനസ്സിനെങ്കിലും സാധ്യമാകട്ടേയെന്ന പ്രതീക്ഷയിലാണ് എന്നത്തേയും പോലെ മെഹ്ദിയിലേക്ക്
ഒരു തീര്‍ത്ഥയാത്ര നടത്തിയത്. ഉള്ളില്‍ സര്‍ഗസ്വപ്നങ്ങളുടെ ആരവങ്ങള്‍ ഒടുങ്ങുമ്പോള് തേട്ടം മെഹ്ദി ഹസനിലേക്ക്, പുനര്‍ജ്ജനിയുടെ ഗര്‍ഭം പേറുന്ന ഒരു കുഞ്ഞുവിത്തെങ്കിലും ഇട്ടു തരാതെ ആ ശബ്ദവീചികള്‍
അനന്തതയില്‍ വിലയം പ്രാപിക്കാറില്ല തന്നെ.

അങ്ങനെയൊരു ആസ്വാദനവേളയിലാണ് ബന്ധങ്ങളില്‍  ഹൃദയാര്‍ദ്രതയുടെ നനവ്‌ ഊറാത്ത ഈ ആസുര കാലത്ത് എങ്ങനെയാണ് ജീവിതനൗക പ്രതിബന്ധങ്ങളുടെ മഞ്ഞുമലകളില്‍ ഇടിച്ചുലയാതെ
മറുതീരമണയിക്കാന് പ്രാപ്തമാക്കുകയെന്ന് മുശീര്‍ കാസ്മിയുടെ മനോഹര വരികളിലൂടെ ജീവനകലയുടെ  ഫിലോസഫി മുഴുവന്‍ ഒരു ശംഖിനുള്ളില്‍ നിറച്ചു അതില്‍ നിന്നും കര്‍ണ്ണപുടങ്ങളിലേക്കും
അപ്പുറം ഹൃദയത്തിലേക്കും മെഹ്ദി സാബ് ആ മാന്ത്രിക സ്വരവീചികളിലൂടെ കടന്നു കയറിയത്.

Sunday 5 August 2012

ഓര്‍മ്മ മരുന്നായി മാറിയ ഒരു പകല്‍

    
       കാത്തിരിപ്പിന്റെ ഒട്ടേറെ നാളുകള്‍ ,കലണ്ടറിലെ ചതുരക്കള്ളികള് നോക്കി‍ ‍കൂട്ടിയും കിഴിച്ചും ഇരുന്ന
ഏറെ  ദിനരാത്രങ്ങള്‍.ആത്മമിത്രങ്ങളെല്ലാം പിരിഞ്ഞു പോയതിന്റെ നോവും വീണ്ടും ഒത്തു ചേരുന്നതിന്റെ
ഹര്‍ഷവും പങ്കുവെച്ച് കൊണ്ടേയിരുന്നു. പ്രവാസത്തിന്റെ വ്യഥകളിലും മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം
പകര്‍ന്നത് ജൂലൈ 14 ലേക്കുള്ള കലണ്ടര്‍ദൂരം  കുറഞ്ഞു വരുന്നു എന്ന ഓര്‍മ്മപ്പെടുത്തലും. അവധിക്കാലം
 അതിനൊത്ത് ക്രമപ്പെടുത്തി നേരത്തെ തന്നെ എയര്‍ ടിക്കറ്റും പര്‍ച്ചേസ് ചെയ്തു കഴിഞ്ഞതോടെ   ഓര്‍മകളുടെ
വിളവെടുപ്പ് ദിനത്തിനായുള്ള കാത്തിരിപ്പിന് ഒരര്‍ത്ഥമൊക്കെ കൈവന്നതു പോലെ.

എട്ടു വര്‍ഷത്തോളം നീണ്ട കലാലയ പഠനകാലം ജീവിതത്തിന്റെ കാന്‍വാസിലേക്ക് പടര്‍ത്തിയത് നീറുന്ന
നേരനുഭവങ്ങളുടെ ഉഗ്രഗ്രീഷ്മവും ഊഷ്മള സൗഹൃദങ്ങളുടെ പൊന്‍ഹേമന്തവും  പ്രണയാര്‍ദ്രതയുടെ
ഇഷ്ടവസന്തവുമൊക്കെ തന്നെ,  പല നിറക്കൂട്ടില്‍, പല കോണ്ട്രാസ്റ്റില്‍. എന്നാല്‍ അവയില്‍ ഏറ്റവും 
പ്രിയപ്പെട്ടതാവുന്നത് ഫാറൂഖ് കോളേജിന്റെ ഹരിതാഭമായ കാമ്പസില്‍ പരിലസിച്ച ഒരു വര്ഷം. അധ്യാപക
വിദ്യാര്‍ത്ഥിയായി ട്രെയിനിംഗ് കോളേജിന്റെ ഗേറ്റ് കടന്നു ഇടനാഴിയിലേക്ക്‌ കയറുമ്പോള്‍ നിങ്ങള്‍ക്കിങ്ങനെ
വായിക്കാം:

 "എന്റര്‍ ടു ലേണ്‍, എക്സിറ്റ് ടു സെര്‍വ്"  

അതൊരു വല്ലാത്ത അഭിസംബോധനാവാക്യം തന്നെയാണ്. ഒരു തലമുറയെ ഏറ്റെടുക്കാന്‍ തയ്യാറായി
വരുന്നവനുള്ള താക്കീത്. അധ്യാപക വിദ്യാര്‍ത്ഥി എന്നത് കേവലം ഒരു കോളേജ്  വിദ്യാര്‍ത്ഥിയല്ലെന്നും
ഇതിനകത്ത് നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അവന്‍/അവള്‍  സമൂഹത്തിനു ആരായിരിക്കണമെന്നും കൃത്യമായി
അടയാളപ്പെടുത്തുന്നുണ്ട് ആ വാക്യം. പ്രകടനപരതയ്ക്കപ്പുറം ആത്മബന്ധങ്ങളുണ്ടെന്നും ഒരായുസ്സ് മുഴുവന്
മടുപ്പില്ലാതെ  ഓടിതീര്‍ക്കാനുള്ള ഇന്ധനബങ്കുകളായി മാറാനുള്ള ഈടുവെപ്പ്  ഈ കലാലയത്തിന്റെ ഓരോ
കൊച്ചു കൊച്ചു ഇടനാഴികള്‍ക്കുമുണ്ടെന്നും മനസ്സിലാക്കി തന്ന ഇതുവരെ ഓടിയെത്തിയ  ജീവിതവഴിയില്‍
പിന്നിട്ട ഏറ്റവും മനോഹരമായ സത്രം.

Wednesday 13 June 2012

തേരീ മെഹ്ഫില്‍ മേം ലേകിന്‍ ഹം ന ഹോന്ഗെ....


    രാജസ്ഥാന്റെ ശേഖാവതി  ഭാഗത്തുള്ള ജുന്‍ചുനു ജില്ലയില്‍ ലൂണ എന്ന ഗ്രാമത്തില്‍ നിന്നും സംഗീതത്തിന്റെ
 ആ മഹാഭേരി ആര്‍ത്തലച്ചു വന്ന്   84  വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന് ആ നാദം എന്നെന്നേക്കുമായി നിലച്ചു പോയിരിക്കുന്നു. വിഭജനത്തിന്റെ മുറിവ് പടരുന്നതിന് മുമ്പേ പാകിസ്ഥാനിലെ ലാഹോറിലേക്ക് 
കുടിയേറിപ്പോയതിലൂടെ ഇന്ത്യക്ക് സ്വന്തമായിട്ടും സ്വന്തമെന്നു വിളിക്കാന്‍  കഴിയാതെ പോയെങ്കിലും ഗസലിന്റെ മധുരോധാരമായ മാന്ത്രിക വീചികളിലൂടെ അതിര്‍ത്തികളെ തന്നെ മായിച്ചു കളഞ്ഞ ആ മഹാവിസ്മയം ഏറെ നാളായി  കറാച്ചിയിലെ ആശുപത്രില്‍ ജനലക്ഷങ്ങളെ പ്രണയാര്‍ദ്രമാക്കിയ  ആ മധുരശബ്ദം പോലും നഷ്ട്ടപ്പെട്ടു ജീവിതത്തിനും മരണത്തിനുമിടയിലെ നേര്‍ത്ത നൂല്പാലത്തില്‍ ഒളിഞ്ഞും
 തെളിഞ്ഞും വരുന്ന ഓര്‍മയുമായി കിടക്കുകയായിരുന്നു , കഴിഞ്ഞ ഒരു പതിറ്റാണ്ടോളം  ഒരു വരി പോലും പാടാന്‍ ആകാതെ. 
   
ദാരിദ്ര്യത്തിന്റെ കൌമാരം വര്‍ക് ഷോപ്പിലെ കനത്ത യന്ത്രങ്ങളോട്  മല്ലിട്ട് പിന്നിട്ട അയാള്‍ ആ പരുത്ത വിരലുകള്‍ പഴക്കം ചെന്നൊരു  ഹാര്‍മോണിയത്തില്‍ ഓടിച്ച് പട്ടിന്റെ നൈര്‍‍മല്യമുള്ള  ശബ്ദത്തില്‍ പാടിയപ്പോള്‍ അത് കാലവും ദേശവും കടന്നു അറ്റമില്ലാത്ത പ്രണയതീരങ്ങളെ തഴുകിയുണര്‍ത്തിയും  
ഉറക്കിയും ഒരു കുളിര്‍തെന്നലായി പടര്‍ന്നു. ഒരിക്കല്‍ മെഹ്ഫിലിനായി വേദിയിലേക്ക് തന്റെ ഹാര്‍മോണിയം കൊണ്ട് പോകുമ്പോള്‍ താഴെ വീണു തകര്‍ന്നു. മിനിട്ടുകള്‍ക്കകം അതെടുത്തു
റിപ്പയര്‍ ചെയ്തു പഴയ രീതിയില്‍ പ്രവര്‍ത്തിപ്പിച്ചു കാണിച്ച അദ്ധേഹത്തെ  അത്ഭുതത്തോടെ 
നോക്കി നിന്ന  ആരാധകരോടദ്ദേഹം പറഞ്ഞു: " ആശ്ച്ചര്യപ്പെടേണ്ടതില്ല,ഒരു കാലത്ത് ഓട്ടോ മെക്കാനിക്ക് ആയിരുന്ന ഞാന്‍ എത്രയോ ട്രാക്ടര്‍ യന്ത്രങ്ങള്‍ 
കൂട്ടിയോജിപ്പിച്ചിരിക്കുന്നു, അത് നോക്കുമ്പോള്‍ ഇതെനിക്കൊരു കുട്ടിക്കളി മാത്രം".

Saturday 19 May 2012

സ്റ്റാലിനും വിജയനും തമ്മിലെന്ത് ?

      
      

  ഇത് ശുഭസൂചകമാണ്. കേരളമണ്ണിലെ ഇതേവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അനന്തരം അറിയുന്നവര്‍ക്ക് പ്രത്യേകിച്ചും. പാവകളിക്ക് പിന്നില്‍‍ ചരടുകളുടെ 
അറ്റത്തിരുന്നു ആട്ടം നിയന്ത്രിക്കുന്ന കൈകള്‍ തന്നെയാണ് പ്രധാനം. 
പാവകള്‍ കേവല ഉപകരണങ്ങള്‍ മാത്രമാണ്. കൊടി സുനിയും  വായപ്പടച്ചി  റഫീക്കുമൊക്കെ  ഇത്തരം പാവകളാണ്. 
പാര്‍ട്ടി പാലൂട്ടി വളര്‍ത്തി പാര്‍ട്ടിയേക്കാള്‍ വളര്‍ന്നു പോയ ഇത്തരം ക്വട്ടേഷന്‍ ക്രിമിനലുകള്‍ നാളെ പുതിയൊരു സുനിയുടെയോ റഫീക്കിന്റെയോ ഉദയത്തോടെ കുടിപ്പകയുടെ കത്തിക്കിരയായി ആരുമറിയാതെ ചത്തൊടുങ്ങും.അപ്പോഴും പിന്നിലിരുന്നു ചരട് വലിച്ചവന്‍ ശുഭ്ര വസ്ത്രത്തിനുള്ളില്‍ ഒളിച്ചു പൊതു മണ്ഡലത്തിലും അധികാരഗോപുരങ്ങളിലും കാപട്യത്തിന്റെ ചിരിയും ചിറിയിലൊട്ടിച്ചു യഥേഷ്ടം വിലസും.  അത് കൊണ്ട് തന്നെ കൊന്നതാര് എന്നതിനേക്കാള്‍ പ്രധാനം കൊല്ലിച്ചതാര് എന്നതിന് 
വരുന്നു. 


 എന്ത്  കൊണ്ടാണ്  ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇങ്ങനെയൊക്കെയായി മാറിക്കൊണ്ടിരിക്കുന്നത് 
എന്ന ചോദ്യം പ്രസക്തമാണ്. ലോകത്ത് അധികാര രാഷ്ട്രീയത്തിന്റെ അയലത്ത് ചുറ്റിത്തിരിയാന്‍ അവസരം കിട്ടിയപ്പോഴൊക്കെ കമ്മ്യുണിസ്റ്റ് നേതൃത്വം ഇങ്ങിനെയൊക്കെ തന്നെയായിരുന്നു എന്നതാണതിന്റെ ഉത്തരം. അതായത് ആ രാഷ്ട്രീയത്തിന്റെ ജനിതകമായ ഒരു സ്വഭാവമാണിതെന്ന്   ചുരുക്കം. ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഇന്ന് ജീവനോടെ ബാക്കി നില്‍ക്കുന്നവയില്‍ സ്റ്റാലിനിസത്തെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന കുറച്ചെണ്ണത്തില്‍  ഒന്നാണ് ഇന്ത്യയിലെ സി. പി. എം. 

Friday 13 April 2012

കണി

പൊന്‍വെയില്‍ പൂക്കുന്ന
മേടപ്പുലരിയിലേക്ക്
‍രാവ്  മിഴി തുറക്കെ
ഇരുട്ട് പാര്‍ക്കുന്ന
അകത്തെ മുറിയില്‍  
മരപ്പലകയിട്ട്
ചെമ്പട്ട്  വിരിച്ചു
പൊന്നുരുളി നിറയെ 
പിടിയരിമണികള്‍
ഒരു ചെമ്പരത്തിപ്പൂ
അരമുറി തേങ്ങ 
ഒരു പടന്ന ഏത്തയ്ക്ക  
ചന്ദനം പടര്‍ത്തി തിരികള്‍
സ്വര്‍ണ വെള്ളരി 
ഇത്തിരി കൊന്നപ്പൂ 
ഒറ്റരൂപാ നാണയങ്ങള്
അഞ്ചാറു വെറ്റില
മടക്കിവെച്ച പട്ടുകോടി
കുഴലൂതി നില്‍ക്കുന്ന 
കണ്ണനു  കാവലായി 
എണ്ണത്തിരിയിട്ട് പകര്‍ന്ന 
രണ്ടു നിലവിളക്കുകള്‍ 
കണ്ണ് പൊത്തി
 തപ്പി തടഞ്ഞു
ഇടനാഴി പിന്നിട്ടു 
കണിയൊരുക്കിയ
അകത്തെ മുറിയിലേക്ക് 
ഇനി  മിഴി തുറന്നാലും
സ്നേഹസമൃദ്ധിയുടെ
പുതു പുലരിയിലേക്ക്.... 
(ഒറ്റമൈനയുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് ഹൃദ്യമായ വിഷു ആശംസകള്‍)  

Wednesday 11 April 2012

പറയാതെ വയ്യ! (ഗുന്തര്‍ ഗ്രാസ്)


ഞാനെന്തിനാണ് മൌനിയായിരുന്നത്,
കാലങ്ങളായി മറയേതുമില്ലാതെ
യുദ്ധക്കളിയില്‍ യഥാ നടന്നുവരുന്നതിനെപ്പറ്റി
എല്ലാത്തിനുമൊടുക്കം നമ്മളില്‍ അതിജയിച്ചവര്‍ 
മികച്ച അടിക്കുറിപ്പുകളായി മാറിയിട്ടും 

അപ്രഖ്യാപിതാവകാശമാണ് ആദ്യപ്രഹരം 
ഇറാനികള്‍ക്ക്  നാശം വിതക്കുവാനെന്നത് 
വലിയ വായാല്‍ ശബ്ദമുഖരിതമാക്കി 
സംഘടിതാഘോഷങ്ങളിലേക്ക് നയിച്ച്‌ 
കാരണമോ, തങ്ങളുടെ അധികാരമണ്ഡലത്തില്‍
ആറ്റംബോംബുകള്‍ നിര്മ്മിക്കപ്പെടുന്നുണ്ടാവാം

അതെ, ഞാനെന്തിനു മടിക്കണം 
ആ നാടിന്റെ പേര് പറയാന്‍ 
കാലങ്ങളായി (രഹസ്യമാണെങ്കിലും)
ഒരു ആണവഭീമന്‍ നിലനില്‍പ്പുണ്ടെന്നു
മേല്‍നോട്ടമില്ലാതെ വിധേയത്വമില്ലാതെ 
ഒരു നിരീക്ഷണത്തിനും അവസരം കൊടുക്കാതെ 
സത്യത്തിനു നേരെയുള്ള ഈ ആഗോള നിസ്സംഗത  
എന്റെ മൌനം പോലും അതിന്റെ സന്തതിയാവാം
അതെന്നില്‍ കുറ്റകരമായ കള്ളമായങ്ങനെ വളരുന്നു
തമസ്കരണത്തിന്റെ നിമിഷം മുതല്ക്കതെന്നെ
ഒരു ശിക്ഷാപാത്രമാവാന്‍ നിര്‍ബന്ധിതമാക്കുന്നു
ജൂതവിരോധിയെന്നു തുല്യം ചാര്‍ത്തിയേക്കാം
ഏറെ പരിചിതമായിക്കഴിഞ്ഞിട്ടുണ്ട് ഈ വിധിക്കല്‍

Tuesday 3 April 2012

വേനല്‍ ഡയറി


പുഴയെന്നോ ആറെന്നോ പേര് വിളിക്കും 
നൂല് പോലെയെന്തോ ബാക്കിവെച്ച്
ഓരോവ്ചാല്‍ കണക്കെ ശുഷ്കിച്ച് 
സായാഹ്നത്തിലെത്തിയ മുത്തശ്ശിയെപ്പോലെ 
തലമുറകളെയൂട്ടിയതിന്റെ ഞരമ്പടയാളം  
മാറില്‍ തൊലി തുളച്ചു തിണര്‍പ്പിച്ചു കാട്ടി 
ആഴിക്കേഴയലത്ത് വെച്ച് തന്നെ
നീരൊട്ടി ചത്ത്‌ മലച്ചങ്ങനെ... 

നെല്ല് പാറ്റുന്ന പെണ്ണുങ്ങള്‍
കാറ്റെടുത്ത പതിരില്‍ വിയര്‍ത്തൊട്ടി 
തിണര്‍ത്തു ചുവന്ന തൊലിമടക്കുകളില്‍   
ഒരായുസ്സിന്റെ മുഴുവന്‍ തീപാടുകള്‍
കനലെന്നോ വെയിലെന്നോ പരാതി പറയില്ല
പത്തായം നിറച്ചാല്‍ അര പറ നെല്ല്
ഇല്ലേല്‍ കള്ളിന് കാശ് ചോദിച്ചു കണവന്റെ തല്ല്
കതിരൂറ്റി പതിരെടുത്ത  വയ്ക്കോല്‍ കണക്കെ
നനവു വറ്റിയ ഒരുപിടി പാഴ്ജന്മങ്ങള്‍
വിതച്ചും കൊയ്തും മെതിച്ചും കൊണ്ടേയിരിക്കുന്നു
കിനാവറ്റ ഉള്ളിന്റെ  ഉറവ നിലച്ച തരിശില്‍ പിന്നെയും...   

ചുവപ്പ് കറുപ്പ്  മഞ്ഞ  പച്ച  
തുമ്പൊടിഞ്ഞ  ഓലയില്‍ ഊയലാടി വേനല്‍തുമ്പികള്‍  
വേട്ടയുടെ നേരം നോക്കിയിരിപ്പാണ് താഴെ
തൊടി നിറഞ്ഞ തൊട്ടാവാടിയെ ചവിട്ടി മെതിക്കും  
മുള്ള് കൊണ്ട നീറ്റലില്‍ കാലില്‍ ചോര പൊടിയും
പിന്നാലെ പമ്മിയെത്തി വാലിലൊരു പിടുത്തം
വാല്‍മടക്കി വിരലിലേക്കൊടിഞ്ഞു വന്നൊരു കടിയുണ്ട്
കൈ കുടഞ്ഞിട്ടാല്‍ വാല്മുറിഞ്ഞു കയ്യില്‍ പോരും
പ്രാണവേദനയില്‍ ഒരു പിടച്ചിലാണ്
പിന്നെ ഉയര്‍ന്നു പൊങ്ങി താഴേക്കൊരു വരവുണ്ട്
കൂപ്പു കുത്തി ഉറുമ്പിന്‍പുറ്റിലേക്ക് സദ്യയായി

ആനത്തുമ്പിയെ വാലില്‍ പിടിക്കരുത്
ഇരുവശത്ത് നിന്നും വിരല്‍ക്കെണി  തീര്‍ത്തു വരണം
ചിറകിനിട്ടു പിടുത്തം വീഴണം
പിന്നെ നൂലില്‍ കെട്ടി ഭാരം വലിപ്പിക്കാം
കൈകാലുകളാല്‍ ‍കല്ലെടുപ്പിക്കാം
ഒടുവില്‍ രസം മാറുമ്പോള്‍ ഒരേറാണ്
കെട്ട് വീണു പാതി മുറിഞ്ഞ വാലും കൂടെ നൂലും 
ഒരു വേനലാകെ പറന്നു തീര്‍ക്കാനുള്ള മോഹവും 
വല്ല മരക്കൊമ്പിലോ മതില്കെട്ടിലോ തൂങ്ങിയാടും....

Thursday 22 March 2012

അധരചിത്രങ്ങള്‍

   


   പവിഴാധരങ്ങള്‍ക്കിടയിലൂടെ  കാമനപൂത്ത രസമുകുളങ്ങളില്‍ നാവേറ്റപ്പോള്‍ പൂവുടലാകെ  പടര്‍ന്നു കയറിയ 
ഒരു വിദ്യുത് തരംഗത്തില്‍ അവളൊന്നുലഞ്ഞതായി തോന്നി.
 കോട വന്നു പൊതിഞ്ഞ ജനല്‍ ചില്ലിലൂടെ പുലരി കീറി വരുന്നതിന്‍റെ നേര്‍ത്ത വെട്ടം കാണാം. പാദം മുതല്‍ ശിരസ്സ്‌ വരെ തണുപ്പ് അരിച്ചു കയറിയതിനാല്‍ മരവിപ്പ് മാറ്റാന്‍ ഉടലിന്‍റെ ചൂട് പരസ്പരം പകര്‍ത്തി ഞങ്ങള്‍ കട്ടിപ്പുതപ്പിനുള്ളിലേക്ക് നൂണ്ടു കയറി.
മദിരാശിയിലെ ഈയൊരു ശിശിരം എനിക്കേറെ പ്രിയപ്പെട്ടതാവുന്നത്  മഞ്ഞു പൂത്തുനിന്ന കഴിഞ്ഞ പകലിലാണ്  അവിചാരിതമായി  ജാനറ്റ് ഒരു ഉഷ്ണമായി എന്നിലേക്ക് പടര്‍ന്നു കയറിയത്.

        മദിരാശി സെന്ട്രലിനു പുറത്തു അഡയാര്‍ ബ്രിഡ്ജ്  തുടങ്ങുന്നിടത്ത്  താഴെ ഒരു കരിങ്കല്‍ കുറ്റിയിലിരുന്നു റോഡിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്ന എന്‍റെ മുന്നിലൂടെ കമ്പിളിക്കുപ്പായത്തില്‍ പൊതിഞ്ഞ കുറെ ആണ്‍-പെണ്‍ രൂപങ്ങള്‍ നിരനിരയായി ജോഗ് ചെയ്തു നീങ്ങുന്നു. മിക്കവരും കോടമ്പാക്കത്തും  മദ്രാസിലും പരിസരത്തുമായി സിനിമാ ഭ്രാന്തു കേറി 
വര്‍ഷങ്ങള്‍ക്കു മുമ്പേ ചേക്കേറി പ്രതികൂലതകളോട് മല്ലടിച്ച് താരങ്ങളായവരും അവരുടെ 
സില്‍ബന്തികളും കുടുംബാംഗങ്ങളും ആണ്. അലസ ജീവിതത്തിന്‍റെ ദുര്‍മേദസ്സുകളെ
 ഉരുക്കിക്കളയാന്‍ അവരനുഭവിക്കുന്ന കഷ്ടപ്പാട് കണ്ടു എനിക്ക് ഉള്ളില്‍ ചിരി വന്നു. 
അവര്‍ക്ക് പിന്നില്‍ അനുസരണയോടെ മെല്ലെ നീങ്ങുന്ന ആഡംബര കാറുകളില്‍ നിന്നുമുള്ള
 മഞ്ഞ വെളിച്ചം പടര്‍ത്തിയ നിഴലുകള്‍ കൂറ്റന്‍ സത്വങ്ങളെപ്പോലെ അവര്‍ക്ക് മുമ്പേ 
പരന്നു നടക്കുന്നുണ്ടായിരുന്നു. ഡിസംബറിന്‍റെ കാഠിന്യം മുഴുവന്‍ അന്തരീക്ഷത്തില്‍ മൂടി നില്‍പ്പുണ്ട്. നിശ്വാസങ്ങള്‍ക്കൊപ്പം പുറത്തേക്കു വരുന്ന മഞ്ഞുപുകയില്‍ വിണ്ടു കീറിയ 
ചുണ്ടുകള്‍ എരിഞ്ഞു തുടങ്ങി. ശൈത്യം സൂചിമുന പോലെ ഓവര്‍കോട്ടിനകത്തേക്ക് 
കുത്തിയിറങ്ങുന്നു.

LinkWithin

Related Posts Plugin for WordPress, Blogger...