ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Saturday, 19 May 2012

സ്റ്റാലിനും വിജയനും തമ്മിലെന്ത് ?

      
      

  ഇത് ശുഭസൂചകമാണ്. കേരളമണ്ണിലെ ഇതേവരെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ അനന്തരം അറിയുന്നവര്‍ക്ക് പ്രത്യേകിച്ചും. പാവകളിക്ക് പിന്നില്‍‍ ചരടുകളുടെ 
അറ്റത്തിരുന്നു ആട്ടം നിയന്ത്രിക്കുന്ന കൈകള്‍ തന്നെയാണ് പ്രധാനം. 
പാവകള്‍ കേവല ഉപകരണങ്ങള്‍ മാത്രമാണ്. കൊടി സുനിയും  വായപ്പടച്ചി  റഫീക്കുമൊക്കെ  ഇത്തരം പാവകളാണ്. 
പാര്‍ട്ടി പാലൂട്ടി വളര്‍ത്തി പാര്‍ട്ടിയേക്കാള്‍ വളര്‍ന്നു പോയ ഇത്തരം ക്വട്ടേഷന്‍ ക്രിമിനലുകള്‍ നാളെ പുതിയൊരു സുനിയുടെയോ റഫീക്കിന്റെയോ ഉദയത്തോടെ കുടിപ്പകയുടെ കത്തിക്കിരയായി ആരുമറിയാതെ ചത്തൊടുങ്ങും.അപ്പോഴും പിന്നിലിരുന്നു ചരട് വലിച്ചവന്‍ ശുഭ്ര വസ്ത്രത്തിനുള്ളില്‍ ഒളിച്ചു പൊതു മണ്ഡലത്തിലും അധികാരഗോപുരങ്ങളിലും കാപട്യത്തിന്റെ ചിരിയും ചിറിയിലൊട്ടിച്ചു യഥേഷ്ടം വിലസും.  അത് കൊണ്ട് തന്നെ കൊന്നതാര് എന്നതിനേക്കാള്‍ പ്രധാനം കൊല്ലിച്ചതാര് എന്നതിന് 
വരുന്നു. 


 എന്ത്  കൊണ്ടാണ്  ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇങ്ങനെയൊക്കെയായി മാറിക്കൊണ്ടിരിക്കുന്നത് 
എന്ന ചോദ്യം പ്രസക്തമാണ്. ലോകത്ത് അധികാര രാഷ്ട്രീയത്തിന്റെ അയലത്ത് ചുറ്റിത്തിരിയാന്‍ അവസരം കിട്ടിയപ്പോഴൊക്കെ കമ്മ്യുണിസ്റ്റ് നേതൃത്വം ഇങ്ങിനെയൊക്കെ തന്നെയായിരുന്നു എന്നതാണതിന്റെ ഉത്തരം. അതായത് ആ രാഷ്ട്രീയത്തിന്റെ ജനിതകമായ ഒരു സ്വഭാവമാണിതെന്ന്   ചുരുക്കം. ലോക കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ ഇന്ന് ജീവനോടെ ബാക്കി നില്‍ക്കുന്നവയില്‍ സ്റ്റാലിനിസത്തെ നെഞ്ചോടു ചേര്‍ത്ത് പിടിക്കുന്ന കുറച്ചെണ്ണത്തില്‍  ഒന്നാണ് ഇന്ത്യയിലെ സി. പി. എം. 

Thursday, 3 May 2012

ഏ ആറും ദാവൂദും, പിന്നെ ചൊറിച്ചിലിന്റെ മാധ്യമ രാഷ്ട്രീയവും

  
ഏതൊരു സംഘടിത മുന്നേറ്റങ്ങളുടെ പിറവിക്കു പിന്നിലും ചരിത്രപരമായ ഒരു ഹേതുവുണ്ടാകും. ഒരു സുപ്രഭാതത്തില്‍ കാര്യകാരണങ്ങളോ ചരിത്രദൌത്യങ്ങളോ ഇല്ലാതെ ഒരു സംഘടിത ജനത്തെ കാണുന്നെങ്കില്‍ അതിനെ പ്രസ്ഥാനം എന്നല്ല, ആള്‍ക്കൂട്ടം എന്നാണു വിളിക്കുക. അതൊരു സ്ഥായിയായ സംഗതിയുമല്ല. താല്‍കാലിക നേട്ടങ്ങളുണ്ടാക്കി ആ ആള്‍ക്കൂട്ടം പിരിഞ്ഞു പോകും. പിന്നീട് അവരെ ഒന്നിച്ചു വീണ്ടും കൊണ്ടുവരുന്നതിനുള്ള ഒരു പൊതുതന്തു ഒന്നും തന്നെ കാണില്ല. പിന്നെയും ഒത്തു കൂടുന്നത് മറ്റൊരു ആള്‍കൂട്ടം. പണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍  മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി അടിവേര് 
നഷ്ട്ടപെട്ട ഒരു ഘട്ടത്തില്‍ ശ്രീ. ടി കെ ഹംസ ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഏച്ചു കെട്ടാന്‍ വേണ്ടി ഒരു ഞാണിന്‍മേല്‍ കളി നടത്തിയിരുന്നു. കേരളത്തില്‍ ലീഗുണ്ടായത് ഒരു ആള്‍ക്കൂട്ട വിപണിയുടെ സാധ്യത കണ്ടല്ല. ജമാഅത്തുണ്ടായതും അങ്ങനെയല്ല എന്ന് തന്നെയാണ് എന്‍റെ വിശ്വാസം.  ശ്രീ. ഹംസ പറഞ്ഞിരുന്നത്  പോലെ മതന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ക്കും ഭൗതിക ആവശ്യങ്ങള്‍ക്കും വേണ്ടി തന്നെയാണ് ലീഗുണ്ടായത്. ആ സംഘടിത ശക്തി ചേരലിന് ഒരു ചരിത്രപരമായ പശ്ചാത്തലമുണ്ട്. ശ്രീ. ഹംസയുടെ പൂര്‍വികരുള്‍പ്പെടെയുള്ള മാപ്പിളമാര്‍ പിറന്ന നാടിനോടുള്ള വിശ്വാസപരമായ കടപ്പാട് വീട്ടാന്‍ പോരാട്ടങ്ങളുടെ വഴി തിരഞ്ഞെടുത്ത ഒരു കാലം. പോരാടാന്‍ പോയവര്‍ക്ക് വിദ്യ നേടാനും ജോലി നേടാനുമൊന്നും യോഗമുണ്ടായില്ല. സാമ്രാജ്യത്വത്തോടുള്ള അവന്‍റെ എതിര്‍പ്പ് അവരുടെ ഭാഷയോട് വരെ അവന്‍ കാണിച്ചു കളഞ്ഞു. വെള്ളക്കാരന്റെ ഓരം പറ്റി ദിവാനാകാനും പട്ടം വാങ്ങാനും അവനെ കിട്ടിയില്ല. ഫലത്തില്‍ ഒരു തലമുറ വിദ്യാഭ്യാസപരമായി പിന്നോട്ടടിച്ചു. സാമൂഹികമായ അസമത്വത്തിലേക്ക് അത് വഴി വച്ചു. അങ്ങിനെ നാനോന്മുഖങ്ങളായ ഒരു പാട് ചെറുതും വലുതുമായ പോരാട്ടങ്ങളിലൂടെ സ്വാതന്ത്ര്യം ലഭിച്ചു. ഭാവിയോര്‍ക്കാതെ പോരാടി നിന്നവന് പിടിച്ചു നില്‍ക്കാന്‍ കയ്യില്‍ ഒരു കോപ്പ് പോലുമില്ലാത്ത അവസ്ഥ. കൂനിന്‍മേല്‍ കുരു എന്ന പോലെ യാഥാസ്ഥികതയുടെ അന്ധത പേറിയ ഒരു കൂട്ടം പുരോഹിതരുടെ ഇടപെടലുകളും അവരെ കൂരിരുട്ടിലേക്ക് തള്ളി വിട്ടു.  ഈയൊരു സന്നിഗ്ധ ഘട്ടത്തിലാണ് മതവിശ്വാസത്തെ ജീവനാഡി പോലെ കൊണ്ട് നടക്കുന്ന ഒരു സമൂഹത്തിനു മുന്നിലേക്ക്‌ വിശ്വാസത്തെ ഹനിക്കാതെയുള്ള രാഷ്ട്രീയ നിലനില്‍പ്പിനുള്ള ഒരു ഭൂമികയുമായി ലീഗ് കടന്നു വരുന്നത്.

LinkWithin

Related Posts Plugin for WordPress, Blogger...