ഒറ്റമൈനയുടെ ഒപ്പം കൂടിയവര്‍

Monday 13 June 2016

മെഹ്ദി പാഠങ്ങൾ - 11 : പത്താ പത്താ ബൂട്ടാ ബൂട്ടാ....



ഹൃദയാവിഷ്ക്കാരങ്ങളുടെ മഹാഗായകൻ നമ്മെ മറഞ്ഞു പോയിട്ട് ഇന്നേക്ക് നാല് വർഷം തികയുന്നു. മെഹ്ദി എന്നത് ഒരു മോഹവലയമാണ്, ആഴമുറ്റിയ കാതരശബ്ദത്താൽ മെനഞ്ഞ ഒരു ഓറയിൽ നമ്മെ പൊതിഞ്ഞു കാക്കുന്നൊരു നാദപ്രപഞ്ചം. കേൾക്കെ കേൾക്കെ അടിപ്പെട്ടു പോകുന്ന, ഒടുക്കം മറ്റൊന്നും കേൾക്കാനാകാത്ത വിധം, കേട്ടാലും എല്ക്കാത്ത വിധം  ആസ്വാദകൻ സ്വയം സ്റ്റെറിലൈസ്  ചെയ്യപ്പെടുന്ന ഒരു  രാഗോന്മാദം. ആലാപനത്തിലെ കയറ്റിറക്കങ്ങൾ ആസ്വാദകന്റെ ആത്മവികാരങ്ങളുടെ വേലിയേറ്റങ്ങളും ഇറക്കങ്ങളുമായി അനുനാദപ്പെടുന്ന അപൂർവ്വ വിഷാദാർദ്ര മുഹൂർത്തങ്ങൾ വേറെയേത് ശബ്ദത്തിലാണ് അനുഭവേദ്യമാകുന്നത്?

വേർപ്പാടിന്റെ ഈ നാലാം അനുസ്മരണവർഷത്തിൽ മെഹ്ദിപാഠങ്ങളുടെ പതിനൊന്നാം അദ്ധ്യായം നിങ്ങൾക്കായി അവതരിപ്പിക്കട്ടെ.......


മീർ തഖി മീറിന്റെ മറ്റൊരു ക്ലാസ്സിക് ഗസൽ ആണ് ആസ്വാദനത്തിനായി ഇത്തവണ നമ്മുടെ  മുന്നിലുള്ളത്. വാക്കുകളുടെ സൂക്ഷ്മമായ പ്രയോഗങ്ങൾ കൊണ്ട് ആശയപ്രപഞ്ചം തീർക്കുന്ന മീർ ഇവിടെ നിസ്സഹായനായ ഒരു നിഷ്കളങ്ക പ്രണയിയുടെ ആത്മസംഘർഷങ്ങൾ വരച്ചിടുകയാണ്.

ചുറ്റുമുള്ള ലോകമാകെയറിഞ്ഞിട്ടും തന്നെ മനസ്സിലാക്കാതെ പോകുന്ന, തന്റെ ഹൃദയ വ്യഥ, അഥവാ തന്റെ പ്രണയം ഒരിക്കൽ പോലും ആവിഷ്ക്കരിക്കാൻ അവസരമൊരുക്കാത്ത, പരനിന്ദയും പരിഹാസവും കൈമുതലായുള്ള  ആഭിജാത്യയായ ഒരു സൗന്ദര്യധാമം, അവർ നിരന്തരം അപഹസിച്ചിട്ടും തന്റെ നിഷ്കളങ്കപ്രണയം കൈവിടാതെ അവരെ അനുധാവനം ചെയ്യുന്ന ഒരാൾ.....

മീർ ഈ ബിംബങ്ങളിലൂടെ സമൂഹത്തിലെ ആഭിജാത്യവും അർത്ഥവുമുള്ളവന്റെ അടിസ്ഥാന മനുഷ്യരോടുള്ള നിലപാടിലെ  കാലുഷ്യം വരച്ചു കാണിക്കുന്നു. നിത്യമായ കരുണയും സഹജമായ സ്നേഹവും കരുതലും താഴെത്തട്ടിലുള്ള പച്ച മനുഷ്യരിൽ  മാത്രം ദർശിക്കാവുന്ന ഒന്നാണെന്ന സത്യം നമ്മെ ബോധ്യപ്പെടുത്തുന്നു.


ഇനി ഗസലിലൂടെ: ........

**********
പത്താ പത്താ ബൂട്ടാ ബൂട്ടാ ഹാൽ ഹമാരാ ജാനേ ഹേ
ജാനേ ന ജാനേ ഗുൽ ഹീ ന ജാനേ ബാഗ് തോ സാരാ ജാനേ ഹേ

ചാരാ ഗരീ  ബീമാരി-ഏ -ദിൽ കി രസ്മെ -ഷെഹരെ-ഹുസ്ന് നഹീ
വർന ദിൽബരെ -നാദാൻ ഭീ ഉസ് ദർദ് കാ ചാരാ ജാനേ ഹേ

മെഹറോ വഫാവോ  ലുത്ഫോ ഇനായത്ത് ഏക്‌ സെ വാഖിഫ് ഇൻ മേ നഹീ
ഓർ തോ സബ് കുഛ് ത്വൻസോ കിനായ റംസോ ഇഷാരാ  ജാനേ ഹേ

ക്യാ ക്യാ ഫിത്നെ സർ പർ ഉസ്കെ ലാതാ ഹേ മാശൂക് അപ്നാ 
ജിസ് ബേദിൽ ബേതാബോ തവാ കൊ  ഇഷ്ഖ് കാ മാരാ ജാനേ ഹേ 

***********

ആശയം ഏകദേശം ഇങ്ങനെ സംഗ്രഹിക്കാമെന്നു തോന്നുന്നു:

***********
സകല ഇലകൾക്കും ചെടികൾക്കുമറിയാം  എൻറെ അവസ്ഥയെന്തെന്ന്
ആ പനിനീർപ്പൂവ്  മാത്രമൊന്നുമറിയുന്നില്ല , ബാക്കി തോട്ടമാകെയും  അറിഞ്ഞെങ്കിലും

ഹൃദയവ്യഥകൾക്ക്  ശമനമേകുകയെന്നത്  മോടിയേറിയ അവരുടെ  രീതിയിലില്ല തന്നെ 
എന്നാൽ  നിഷ്കളങ്ക ഹൃദയങ്ങൾക്ക് പോലുമറിയാം  അത്തരം വ്യഥകളെ എങ്ങനെ ഉണക്കാമെന്ന് 

ദയ, വിശ്വസ്തത, കരുണ, കൃപ ഇവയിലൊന്നു പോലും അവരിലില്ല തന്നെ
മറിച്ചോ പരിഹാസവും പുച്ഛവും പരനിന്ദയും വേണ്ടുവോളമുണ്ട് താനും

എന്തെല്ലാം കുടിലതകളാണ് സ്വന്തം പ്രണയിനി അവന്റെ നേരെ കൊണ്ടുവരുന്നത്  
പാവം ആ ദുർബല നിർഗുണന് പ്രണയത്തിലാവാൻ മാത്രമറിയാം !

************

അതീവ ദുഷ്കരമായ ഭാഷാപ്രയോഗങ്ങളാണ് മീർ ഗസലുകൾ.  ഇനിയും ഒട്ടേറെ വരികളുള്ള ഈ ഗസലിന്റെ മെഹ്ദി സാബ് ആലാപനത്തിനായി ഉപയോഗിച്ച നാല് ശേറുകൾ  മാത്രമെടുത്ത് അവയുടെ കേവല ആശയം നേരെ ചൊവ്വേ എഴുതാൻ മാത്രമേ ഇവിടെ സാധിച്ചിട്ടുള്ളൂ. അതിനപ്പുറമുള്ള വായന നിങ്ങളുടെ ആസ്വാദനത്തിനായി വിടുന്നു.

മെഹ്ദി ഹസ്സൻ സാബിനു പുറമേ ഈ ഗസൽ ഗുലാം അലി സാബ്‌, ജഗ്ജിത് സിംഗ്, വിനോദ് സൈഗാൾ, ഹരിഹരൻ എന്നിവരൊക്കെ ആലപിച്ചത് ലഭ്യമാണ്. ഈ വരികളുടെ ഗഹനത മുഴുവൻ ആവാഹിച്ച മെഹ്ദി നാദം അവയിൽ വേറിട്ടു നില്ക്കുന്നു.

(വാല്ക്കഷ്ണം: 'ഏക്‌ നസർ' എന്ന ബച്ചൻ ജോഡി  ചിത്രത്തിൽ ലതാജിയും റഫി സാബും ആലപിച്ച "പത്താ പത്താ ബൂട്ടാ ബൂട്ടാ..." എന്ന ലക്ഷ്മികാന്ത്- പ്യാരിലാൽ ഗാനം സത്യത്തിൽ ഈ ഗസൽ അല്ല. ഇതിലെ ആദ്യ ശേർ മാത്രമേ  ആ പാട്ടിൽ ഉപയോഗിച്ചിട്ടുള്ളൂ, ബാക്കി വരികൾ മജ്രൂഹ് സുൽത്താൻപുരിയുടെ സ്വതന്ത്ര വരികളാണ്)



  

LinkWithin

Related Posts Plugin for WordPress, Blogger...